വനം വകുപ്പിൽ ജീവനക്കാരുടെ അഭാവം വെല്ലുവിളി; അഞ്ചുമാസമായി ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല
text_fieldsതൊടുപുഴ: വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ ഇടുക്കിയടക്കമുള്ള ജില്ലകളിൽ വനം വകുപ്പിന്റെ ഒഴിവുള്ള തസ്തികകൾ നികത്തുന്നില്ല. ഹൈറേഞ്ച് സര്‍ക്കിളില്‍ ഉള്‍പ്പെടുന്ന ഇടുക്കിയില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരും സ്ഥാനക്കയറ്റത്തിനായി മൂന്നു വകുപ്പുതല പരീക്ഷകള്‍ പാസാകണമെന്ന സ്പെഷന്‍ റൂള്‍ 2010-ല്‍ നിലവില്‍ വന്നതാണ് ജീവനക്കാര്‍ക്ക് വിനയായത്. അഞ്ചുമാസമായി ഒരു സര്‍ക്കിളുകളിലും ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് വനം വകുപ്പ് സ്ഥാനക്കയറ്റം നല്‍കിയിട്ടില്ല.
മറ്റ് സര്‍ക്കിളുകളെ അപേക്ഷിച്ച് ഹൈറേഞ്ച് മേഖലയില്‍ 19 വര്‍ഷത്തോളമായി സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുണ്ട്. മറ്റു സര്ക്കിളുകളിലാകട്ടെ, 12 മുതല്‍ 15 വരെ വര്‍ഷം സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നർ.
ജില്ലയിൽ ആർ.ആർ.ടി ഉള്‍പ്പെടെ കൂടുതല്‍ വനം ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ആവശ്യമായി വരും. ഏറ്റവും കൂടുതല്‍ വനമേഖലയുള്ളതും ഹൈറേഞ്ച് സര്‍ക്കിളിലാണ്. ഈ സര്‍ക്കിളില്‍ മാത്രം 19 ഓളം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഉണ്ടായിട്ടും നികത്താത്തത് മൂലം വിവിധ ജോലികള്‍ തന്നെ അവതാളത്തിലാണ്. കൃത്യസമയത്ത് പ്രമോഷന് നല്‍കാത്തത് ജീവനക്കാരുടെ പ്രതിഷേധത്തിനും മനോവീര്യം കെടുത്തുന്നതിനും കാരണമായിട്ടുണ്ട്.
വന്യജീവി ആക്രമണം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംഭവ സ്ഥലത്ത് ഓടിയെത്താന്‍ കഴിയാത്തതിന് കാരണവും ജീവനക്കാരുടെ കുറവു മൂലമാണെന്ന് ഇവര്‍ പറയുന്നു.
മുള്ളരിങ്ങാട്ട് ആനശല്യം ഒഴിയുന്നില്ല
മുള്ളരിങ്ങാട്: മുള്ളരിങ്ങാട് മേഖലയിൽ തുടർച്ചയായി കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു. അമയൽതൊട്ടി പള്ളിക്കവല നരിതൂക്കിൽ കുഞ്ഞപ്പന്റെ വീട്ടുമുറ്റത്തെ കിണർ കാട്ടാന നശിപ്പിച്ചു. തൊട്ടടുത്തുള്ള പച്ചാളം ജോർജിന്റെ കൃഷിയിടത്തിലെ വാഴ ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.
മുള്ളരിങ്ങാട് വനത്തിൽ തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഈ ആനയാണ് കഴിഞ്ഞ ഡിസംബറിൽ അമർ ഇലാഹി എന്ന യുവാവിനെ ആക്രമിച്ചുകൊന്നത്.
കാട്ടാനശല്യം രൂക്ഷമായതോടെ രാവിലെയുള്ള റബർവെട്ട്, പത്ര വിതരണം എല്ലാം നേരം വെളുത്തശേഷമാണ് നടത്തുന്നത്. കഴിഞ്ഞദിവസം മുള്ളരിങ്ങാട് ജങ്ഷന് സമീപം വരെ കാട്ടാന എത്തി. തലക്കോട് മുള്ളരിങ്ങാട് റൂട്ടിൽ ആകെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം കാട്ടാനകൾ നശിപ്പിച്ചു.
കൂടാതെ സെറ്റിൽമെന്റ് മേഖലയിലെ ഒട്ടേറെ കൃഷികളാണ് നശിപ്പിച്ചത്. ഓണം മുന്നിൽക്കണ്ട് പല കർഷകരും വാഴകൃഷി ചെയ്തിരുന്നു. ഇതെല്ലാം ഒറ്റരാത്രി കൊണ്ടാണ് നശിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.