ഉൽപാദനക്കുറവ്; ബജറ്റ് പ്രഖ്യാപനത്തിന്റെ നേട്ടം കൈവിടുമെന്ന ആശങ്കയിൽ റബർ കർഷകർ
text_fieldsതൊടുപുഴ: യു.ഡി.എഫ് സർക്കാറിന്റെ കന്നി ബജറ്റിൽ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ അതിന്റെ പ്രയോജനം ലഭിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ രണ്ടു മാസമായി ഉൽപാദനം കുറഞ്ഞതാണ് റബർ കർഷകർക്ക് തിരിച്ചടിയായത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കടുത്ത വേനലിൽ ടാപ്പിങ് നിർത്തിവെച്ചതിന് പിന്നാലെ മേയ് അവസാനം മുതൽ കാലവർഷമെത്തിയതും ടാപ്പിങ്ങിന് പ്രതിസന്ധിയായി. ഇതോടെ ടാപ്പിങ് മുടങ്ങിയതാണ് കർഷകർക്ക് പ്രതിസന്ധിയായത്.
നിലവിൽ കിലോഗ്രാമിന് 250 രൂപക്ക് മുകളിലാണ് വില. വില ഇനിയും ഉയരുമെന്നാണ് സൂചന. അതേസമയം, മുൻ വർഷങ്ങളിലേതുപോലെ മഴ ശക്തമാകുമെന്ന കണക്കൂകൂട്ടലിൽ കാലേക്കൂട്ടി ടാപ്പിങ് നിർത്തിയ പലർക്കും മഴയില്ലാതെ വന്നതോടെ കണക്കുകൂട്ടൽ തെറ്റി. ശക്തമായ മഴയുണ്ടാകുമെന്ന വിലയിരുത്തലിൽ പലരും മരത്തിന് പ്ലാസ്റ്റിക് ഇടാത്തതാണ് കാരണം. ഇടക്കിടെ മഴ പെയ്യുന്നതിനാൽ റെയിൻ ഗാർഡനിങ് നടത്താത്ത മരങ്ങൾ വെട്ടാനും സാധിക്കുന്നില്ല. പ്രതിസന്ധി മറികടക്കാൻ പലരും തോർച്ചയുള്ള സമയത്ത് റെയ്ൻ ഗാർഡനിങ് ഇടാൻ ആരംഭിച്ചിട്ടുണ്ട്.
തൊഴിലാളി ക്ഷാമം പ്രതിസന്ധി
മഴക്കാലത്ത് ടാപ്പിങ് നടത്തുന്നതിനായി തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് റബർ കർഷകരുടെ പ്രതിസന്ധി. മഴ മുന്നിൽകണ്ട് പലരും മറ്റ് മേഖലകളിലേക്ക് തിരിഞ്ഞതാണ് കാരണം. എന്നാൽ, വെട്ടുന്നതിന്റെ പകുതി ഉടമക്കും തൊഴിലാളിക്കുമെന്ന രീതിയിൽ പങ്കിനെടുത്ത് വെട്ടുന്നവർക്ക് വില കൂടിയത് നേട്ടമാണ്. മലയോര മേഖലകളിലെ കാട്ടാനശല്യവും കാട്ടുപന്നി ആക്രമണവും ടാപ്പിങ്ങിൽനിന്ന് പിന്തിരിയാൻ കർഷകരെ പ്രേരിപ്പിച്ചിട്ടുണ്ട്. മഴയത്ത് കാടുമൂടിയ പറമ്പുകളിൽ പാമ്പടക്കമുള്ള ഇഴജന്തുക്കളുടെ ശല്യം വർധിച്ചതും ടാപ്പിങ്ങിന് വെല്ലുവിളിയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലും സർക്കാർ പ്രഖ്യാപിച്ച താങ്ങുവില ആശ്വാസകരമാണെന്നാണ് കർഷകരുടെ പൊതുവേയുള്ള അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

