തൊടുപുഴയിൽ അപകടം പതിവ്
text_fieldsതൊടുപുഴ: നഗരത്തിൽ അടുത്തിടെ വാഹന അപകടങ്ങൾ വർധിക്കുന്നു. അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും മൂലം ദിനംപ്രതിയെന്നോണമാണ് തൊടുപുഴ നഗരത്തോട് ചേര്‍ന്ന് വിവിധ മേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.
വെള്ളിയാഴ്ച രാവിലെ വെങ്ങല്ലൂര്‍ -കോലാനി ബൈപാസില്‍ ഉണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം വെങ്ങല്ലൂര്‍ സിംഗ്നല്‍ ജങ്ഷനിൽ ബസും രണ്ടും കാറുകളും കൂട്ടിയിടിച്ചും അപകടമുണ്ടായി.
വെങ്ങല്ലൂര്‍ -കോലാനി ബൈപാസില്‍ കാര്‍ വൈദ്യുത പോസ്റ്റിലും മൂന്ന് വാഹനങ്ങളിലും ഇടിച്ചായിരുന്നു വെള്ളിയാഴ്ച രാവിലെ അപകടമുണ്ടായത്. പുലര്‍ച്ചെ 6.30ഓടെ ബൈപാസിലുള്ള വേ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം.
മൂന്നുപേര്‍ക്ക് സാരമായി പരിക്കേറ്റു. സ്കൂട്ടര്‍ യാത്രികന് മണക്കാട് വെട്ടിക്കല്‍ ജോബി (40)യ്ക്ക് ഗുരുതര പരിക്കേറ്റു. കാറില്‍ സഞ്ചരിച്ച റിട്ട. എസ്.പി സുരേഷ്കുമാര്‍ (68), ഭാര്യ ഭാഗ്യലക്ഷ്മി(59), എന്നിവര്‍ക്കും സാരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന രാഹുല്‍ (31), ഐശ്വര്യ (31) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. ജോബിയുടെ തലയോട്ടിക്കും കാലിനും പൊട്ടലുണ്ട്. ഇയാളെ ആദ്യം തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഭാഗ്യലക്ഷ്മിയുടെ താടിയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇരുവരും തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്നാറിലേക്ക് പോകുകയായിരുന്ന കൊല്ലം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വൈദ്യുത പോസ്റ്റിലും റോഡരികിലുണ്ടായിരുന്ന രണ്ട് സ്കൂട്ടര്‍, ഒരു പിക്അപ്പ് എന്നിവയിലുമിടിച്ചു.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ജോബിയുടെ സ്കൂട്ടറിനും കാര്യമായ കേടുപാടുകളുണ്ട്. മറ്റ് രണ്ട് വാഹനങ്ങളില്‍ ആളുകളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
തൊടുപുഴ-വെള്ളിയാമറ്റം റോഡിൽ ചരക്കുലോറികളുടെ മരണപ്പാച്ചിൽ
തൊടുപുഴ : ചെറു വാഹനയാത്രക്കാർക്ക് ഭീഷണിയായും വൈദ്യുതിപോസ്റ്റുകളും കേബിളുകളും തകർത്തും രാത്രി തൊടുപുഴ-വെള്ളിയാമറ്റം റോഡിൽ കൂറ്റൻ ചരക്കുലോറികളുടെ മരണപ്പാച്ചിൽ. കഴിഞ്ഞ ദിവസം കുമ്മംകല്ല് വളവിലെ വൈദ്യൂതത്തൂൺ ലോറി തകർത്തു . ഇതോടെ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. ഒരു ദിവസത്തിന് ശേഷമാണ് പുതിയ വൈദ്യുതത്തൂൺ സ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനായത്.
മാസങ്ങളായി ഈ റൂട്ടിൽ വലിയ വാഹനങ്ങൾ വൈദ്യുതിത്തൂൺ ഇടിച്ച് തെറിപ്പിക്കുന്ന സംഭവങ്ങൾ പതിവാണ്. കെ-ഫോൺ, ബി.എസ്.എൻ.എൽ., കേബിൾ ടി.വി. സേവനങ്ങളുടെ ലൈനുകളെല്ലാം ഓരോ അപകടങ്ങളിലും പ്രതിസന്ധിയിലാകും. പല തവണ അപകടങ്ങൾ ആവർത്തിച്ചിട്ടും അധികൃതർ അമിത ഭാരം വഹിച്ച് പോകുന്ന വാഹനങ്ങൾക്കെതിരെ ഒരു നടപടിയും സ്വികരിക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി എട്ട് മണിക്ക് ശേഷം ഇതുവഴി നിയന്ത്രണമില്ലാതെയാണ് ലോറികൾ പായുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നിരന്തരം പോസ്റ്റുകളും കേബിളുകളും തകർക്കുന്ന വാഹനങ്ങൾ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കേബിൾ ടി.വി. നടത്തിപ്പുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനുവദനീയ അളവിൽ കൂടുതൽ തടി കയറ്റിക്കൊണ്ടുവരുന്ന ലോറികളും കേബിൾ തകർക്കുന്നതു പതിവാണ്.
മൂന്നാഴ്ചക്കിടെ പിഴ 14 ലക്ഷം
തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ കടുപ്പിച്ചു. ഡിസംബർ 15ന് ആണ് മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചത്. വ്യാഴം വരെ ആകെ 1021 കേസുകൾ രജിസ്റ്റർ ചെയ്തു. 14,13,700 രൂപയാണ് വിവിധ കേസുകളിൽ പിഴയായി ഈടാക്കിയതെന്ന് അധികൃതർ പറഞ്ഞു. പരിശോധന ജനുവരി 15വരെ തുടരും.
ഹെൽമെറ്റ് ഉപയോഗിക്കാത്തതിനാണ് കേസുകളിലേറെയും. മൂന്നൂറോളം കേസുകളുണ്ട്. സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഇൻഷുറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പെർമിറ്റ് ഇല്ലാത്തവ, രജിസ്ട്രേഷൻ തീർന്നവ, നമ്പർ പ്ലേറ്റ് കൃത്യമല്ലാത്തവ, നികുതി അടയ്ക്കാത്തവ, എയർഹോൺ, എക്സ്ട്രാ ലൈറ്റ് ഘടിപ്പിച്ചവ, അനധികൃത മാറ്റങ്ങൾ വരുത്തിയവ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മൂന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. സമീപകാലത്ത് വാഹനാപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിലാണ് സംസ്ഥാനാടിസ്ഥാനത്തിൽ വാഹന പരിശോധന ഉൾപ്പെടെ സർക്കാർ കർശന നടപടിയെടുക്കുന്നത്. ജില്ലയിൽ തൊടുപുഴ വെങ്ങല്ലൂർ - കോലാനി ബൈപ്പാസ്, വെങ്ങല്ലൂർ പ്രദേശം, നെല്ലാപ്പാറ, മുട്ടം - ശങ്കരപ്പിള്ളി ഭാഗം, മച്ചിപ്ലാവ് - അടിമാലി ഭാഗം, മൂന്നാർ - ടോപ് സ്റ്റേഷൻ മേഖല, മൂന്നാർ ടൗൺ, മുണ്ടക്കയം-കുട്ടിക്കാനം മേഖല, വെള്ളയാംകുടി-അമ്പലക്കവല ഭാഗം എന്നിവിടങ്ങളിലാണ് അപകടസാധ്യത കൂടുതൽ. ബ്ലാക്ക് സ്പോട്ടുകളായി വേർതിരിക്കാവുന്ന സ്ഥലങ്ങൾ ജില്ലയിലില്ല. മൂന്നുവർഷത്തിനിടെ 500മീറ്റർ ദൂരത്തിൽ അഞ്ച് വലിയ അപകടങ്ങളോ 10 മരണങ്ങളോ സംഭവിക്കുമ്പോഴാണ് സ്ഥലം ബ്ലാക്ക് സ്പോട്ടായി രേഖപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.