ജില്ലയിൽ കനത്ത മഴ; നാളെ റെഡ് അലർട്ട്; ഖനനം നിരോധിച്ചു; സർക്കാർ ജീവനക്കാർ അവധിയെടുക്കുന്നതിന് നിയന്ത്രണം
text_fieldsതൊടുപുഴ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടിയുമായി ജില്ല ഭരണകൂടം. ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഖനനവും മണ്ണെടുപ്പും നിരോധിച്ചു. കല്ലാർകുട്ടി ഡാം തുറക്കാനും അനുമതി നൽകി. സർക്കാർ ജീവനക്കാരുടെ അവധിക്കും നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഞായർ, ചൊവ്വ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കൊഴികെ മണ്ണെടുപ്പ്, ഖനനം എന്നിവ നിരോധിച്ച് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മേയ് 27 വരെ നിരോധനം ഏർപ്പെടുത്തിയത്. ഉത്തരവ് കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കാനും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹര്യം നേരിടാൻ ഹെഡ് ക്വാര്‍ട്ടേഴ്സില്‍തന്നെ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചു. ജില്ല റവന്യൂ ഭരണത്തിലെ സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും ജില്ലതല ഉദ്യോഗസ്ഥരും കലക്ടറുടെ മുന്‍കൂര്‍ അനുമതിയും മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ ജില്ല ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ അടിയന്തര സാഹചര്യങ്ങളിലല്ലാതെ അവധി എടുക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നതിനാൽ കല്ലാർകുട്ടി ഡാം തുറക്കാനും അനുമതി നൽകി. ഡാമിലെ ജലനിരപ്പ് 454.75 മീറ്റർ എത്തിയ സാഹചര്യത്തിലാണ് തീരുമാനം. പരമാവധി ശേഷി 456.60 മീറ്ററാണ്.
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മിറ്റിഗേഷൻ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ നടന്നുവരുന്ന എല്ലാ റോഡ് നിർമാണ പ്രവർത്തനങ്ങളും സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ അപകടാവസ്ഥയിൽ നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ നിർത്തിവെക്കാൻ നിർദേശം നൽകണം. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

