‘രവീന്ദ്രന്’ പകരം പുതിയ പട്ടയം; നടപടി വേഗത്തിലാക്കാൻ പ്രത്യേക സംഘം
text_fieldsതൊടുപുഴ: ഇടുക്കിയിൽ റദ്ദ് ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പുതിയ പട്ടയം നൽകാനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പട്ടയം നൽകാനുള്ള നടപടികൾ വൈകുന്നുവെന്ന ആക്ഷേപങ്ങൾക്കിടയിലാണ് തടസ്സം നേരിടുന്ന പ്രദേശങ്ങളിലെ സർവേയടക്കം വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യക സംഘത്തെ ചുമതലപ്പെടുത്തിയത്. 2022 ജനുവരി 18നാണ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജിലെ 531 പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കിയത്. 45 ദിവസത്തിനകം അർഹരായവർക്ക് പുതിയ പട്ടയം എന്നായിരുന്നു സർക്കാർ വാഗ്ദാനം.
ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശിപാർശയുടെ പേരിൽ 1999ൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജിലായി 531 പട്ടയമാണ് അന്നത്തെ അഡീഷനൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ നൽകിയത്. പട്ടയം നൽകാൻ കലക്ടർക്ക് അധികാരമുള്ള കെ.ഡി.എച്ച് വില്ലേജിൽ മാത്രം 127 പട്ടയം വിതരണം ചെയ്തു. 4251 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. അന്നത്തെ കലക്ടർ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രെൻറ അവകാശവാദം. ഇതുവരെ 70 പട്ടയം മാത്രമാണ് വിതരണം ചെയ്തത്. 88 പട്ടയം നടപടി പൂർത്തിയാക്കി അടുത്ത ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് ഒരുങ്ങുകയാണെന്ന് അധികൃതർ പറയുന്നു. 45 പേരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിൽ 45 ദിസത്തിനകം പുതിയ പട്ടയം നൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.
ഉത്തരവിറങ്ങി ഒരു വർഷവും ഏഴ് മാസവും പിന്നിട്ടിട്ടും നടപടി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 531 പട്ടയത്തിൽ ഹിയറിങ് നടത്തി 472 എണ്ണമാണ് റദ്ദ് ചെയ്തത്. ഇതുവരെ ലഭിച്ച പുതിയ അപേക്ഷകൾ 264 എണ്ണം മാത്രമാണ്. പട്ടയ ഉടമകൾ മരിച്ചതിനാലും ഭൂമി പലവട്ടം കൈമാറിയതിനാലും റവന്യൂ വകുപ്പിന് ഇതുവരെ അപേക്ഷ ലഭിക്കാത്ത കേസുകളുമുണ്ട്.
വട്ടവട, കൊട്ടക്കാമ്പൂർ മേഖലയിൽ ബ്ലോക്ക് നമ്പറുകളിലടക്കം ചില സാങ്കേതിക പ്രശ്നങ്ങളുള്ളതിനാലാണ് കാലതാമസമെന്നാണ് അധികൃതർ പറയുന്നത്. പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായി കലക്ടർ ഷീബ ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതു കൂടാതെ കൊട്ടക്കാമ്പൂർ, വട്ടവട കുറ്റിയാർവാലി, കാന്തല്ലൂർ എന്നിവിടങ്ങളിലെയും പട്ടയ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സബ് കലക്ടറുടെ നേതൃത്വത്തിൽ തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങിയ ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയതെന്നും കലക്ടർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.