മഴ വരുന്നു... കരുതൽ വേണം; ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
text_fieldsതൊടുപുഴ: കാലവർഷം എത്താറാകുന്നു. ദിവസങ്ങളായി മഴ പെയ്യുന്നതുകൊണ്ട് കാലവർഷത്തിന് സമാനമായ കാലാവസ്ഥ തന്നെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ. അതേസമയം, മഴ കനക്കുന്നതോടെ ഇടുക്കിയിലെ പല പ്രദേശങ്ങളും ആശങ്കയിലാകുമെന്നതും ഒരു കാര്യം.
കാലവർഷം ഉടൻ എത്തുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തന്നെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് ജില്ലയിൽ പതിവായി ഉണ്ടാകാറുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളും ജില്ല ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ല ദുരന്തര നിവാരണ അതോറിറ്റി അറിയിച്ചു.
നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്വാരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും ക്യാമ്പുകൾ തുറന്നുവെന്ന് ഉറപ്പാക്കി അങ്ങോട്ട് മാറിത്താമസിക്കണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ശക്തമായ മേൽക്കൂരയില്ലാത്ത വീടുകളിൽ കഴിയുന്നവരും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്ന് വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിൽ നദികൾ മുറിച്ചുകടക്കാനോ ജാലശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരത്തിന്റെ ശിഖരങ്ങൾ വെട്ടിനീക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

