തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങളിലേക്ക് ഇടുക്കി ജില്ല
text_fieldsതൊടുപുഴ: അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് ജില്ല. പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളുമെല്ലാം പ്രദേശിക തലത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി വാർഡ്- മണ്ഡലം തലങ്ങളിൽ പ്രവർത്തക സംഗമങ്ങളും ക്യാമ്പുകളും ഓണത്തിന് മുന്നേ പൂർത്തിയാക്കിയിരുന്നു.
ഇതിന് പിന്നാലെ ചിലയിടങ്ങളിൽ ചുവരെഴുത്തിനായി മതിലുകളും ബുക്കിങ് ആരംഭിച്ചു. ഇനി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കൂടി കഴിയുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമാകും. വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി എല്ലായിടത്തും വാർഡുകൾ വർധിച്ചിട്ടുമുണ്ട്.
52 ഗ്രാമപഞ്ചായത്തുകൾ
ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 52 ഗ്രാമപഞ്ചായത്തുകളുണ്ട്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും കൂടി ഉൾപ്പെടുന്നതാണ് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ. കട്ടപ്പനയും തൊടുപുഴയുമാണ് നഗരസഭകൾ.
അടിമാലി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകൾ: അടിമാലി, കൊന്നത്തടി, വെളളത്തൂവൽ, പള്ളിവാസൽ, ബൈസൺവാലി.അഴുത ബ്ലോക്ക്: പീരുമേട്, കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകൾ. ദേവികുളം ബ്ലോക്ക്: ശാന്തൻപാറ, കാന്തല്ലൂർ, ചിന്നക്കനാൽ, ദേവികുളം, മറയൂർ,മാങ്കുളം, വട്ടവട, മൂന്നാർ, ഇടമലക്കുടി പഞ്ചായത്തുകൾ.ഇളം ദേശം ബ്ലോക്ക്: ഉടുമ്പന്നൂർ, കരിമണ്ണൂർ, വണ്ണപ്പുറം, കുടയത്തൂർ, കോടിക്കുളം, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകൾ.
ഇടുക്കി ബ്ലോക്ക്: കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വാഴത്തോപ്പ്, അറക്കുളം പഞ്ചായത്തുകൾ. കട്ടപ്പന ബ്ലോക്ക്: ഇരട്ടയാർ, ഉപ്പുതറ, ചക്കുപളളം, കാഞ്ചിയാർ, വണ്ടൻമേട്, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ. നെടുങ്കണ്ടം ബ്ലോക്ക്: ഉടുമ്പഞ്ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജകുമാരി, സേനാപതി, കരുണാപുരം, രാജാക്കാട് പഞ്ചായത്തുകൾ. തൊടുപുഴ ബ്ലോക്ക്: കരിങ്കുന്നം, പുറപ്പുഴ, മുട്ടം, മണക്കാട്, കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകൾ.
വോട്ടുചേർക്കൽ മുതൽ പോര്
തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കലിനെ ചൊല്ലി പലയിടങ്ങളിലും വിവാദമുണ്ടായി. ഇരു മുന്നണികളും ആരോപണ പ്രത്യോരോപണങ്ങളുമായി കളം നിറഞ്ഞു. ചിലയിടങ്ങളിൽ പരാതിയും പരസ്യ പ്രതിഷേധങ്ങളും നടന്നു. വാർഡുകളിൽ കണ്ണ് വച്ചിട്ടുളള പ്രാദേശിക നേതാക്കളും സ്ഥാനാർഥി മോഹികളും വോട്ടുകൾ വെട്ടുകയും ചേർക്കുകയും ചെയ്യുന്നെന്നതാണ് ഉയരുന്ന പരാതി.
സംവരണ വാർഡുകളിൽ തീരുമാനമായിട്ടില്ലെങ്കിലും ജനറൽ വാർഡുകൾ സ്ത്രീ സംവരണ വാർഡുകളായും തിരിച്ചും ആകുമെന്ന പൊതു തത്വമുളളതിനാൽ വിവിധ പാർട്ടികളിലെ സ്ഥനാർഥി മോഹികൾ നേരത്തെ തന്നെ രംഗത്തുണ്ട്. ഇവരാണ് വീടുകയറി വോട്ടുചേർക്കലിനും വെട്ടലിനുമെല്ലാം നേതൃത്വം നൽകുന്നത്. ഇതിന് പുറമേ ഉടുമ്പഞ്ചോല മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഇരട്ട വോട്ട് വിവാദങ്ങളും ഉയർന്നിരുന്നു.
അന്തിമ വോട്ടർ പട്ടികയും തയാർ
ജില്ലയിൽ അന്തിമ വോട്ടർ പട്ടികയിൽ 9,05,567 വോട്ടർമാരാണുളളത്. 4,40,147 പുരുഷന്മാരും 4,65,410 സ്ത്രീകളും 10 ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വോട്ടർമാരും അടക്കമാണിത്. 1,02,393 വോട്ടർമാർ പുതിയതായി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 63,845 വോട്ടർമാരെ ഒഴിവാക്കി. 412 വോട്ടർമാരുടെ വിവരങ്ങൾ തിരുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം ജില്ലയിൽ ഏഴ് പ്രവാസി വോട്ടർമാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

