പുഴകളിൽ മലിനീകരണം കൂടുന്നു; ജില്ലയിലെ എട്ട് പുഴകളിൽ കോളിഫോം, ഇ-കോളി ബാക്ടീരിയ സാന്നിധ്യം വർധിച്ചു
text_fieldsതൊടുപുഴയാർ- മലങ്കരയിൽ നിന്നുള്ള ദൃശ്യം
തൊടുപുഴ: ജില്ലയിലെ പ്രധാന പുഴകളിൽ മലിനീകരണത്തോത് വൻതോതിൽ വർധിച്ചതായി കണ്ടെത്തൽ. കോളിഫോം ബാക്ടീരിയയുടെയും ഇ-കോളി ബാക്ടീരിയകളുടെയും അളവ് കൂടി വരുന്നതായാണ് ജില്ലയിലെ എട്ടു പുഴകളുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിൾപരിശോധനയിൽ നിന്ന് വ്യക്തമായത്.
ജല അതോറിറ്റിയുടെ കുടിവെള്ള ഗുണ നിലവാര പരിശോധന വിഭാഗമാണ് പുഴകളുടെ ഒമ്പത് പോയന്റുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചത്. തൊടുപുഴ, മൂന്നാർ പുഴകളുടെ പരിസരങ്ങളിൽ നിന്ന് 100 മില്ലി സാമ്പിൾ ശേഖരിച്ചതിൽ പരിശോധന നടത്തിയപ്പോൾ കോളിഫോം ബാക്ടീരിയയുടെയു ഇ- കോളിയുടെയും സാന്നിധ്യം വലിയ തോതിൽ കണ്ടെത്തി. ഇരുമ്പുപാലം, മൂലമറ്റം, മ്രാല, തേക്കടി, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന പുഴകളിലും മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കാളിയാറിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ 10 യൂനിറ്റ്, മ്രാല-50, മൂലമറ്റം-40, മൂന്നാർ-80, വണ്ടിപ്പെരിയാർ-20 എന്നിങ്ങനെയാണ് കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ജലവിതരണ സംവിധാനത്തെ മലിനമാക്കാൻ കഴിയുന്ന മിക്ക രോഗകാരികളും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മലത്തിൽ നിന്നാണ് വരുന്നത്.
വലിച്ചെറിയുന്നത് നിർത്തിക്കൂടേ...?
നാടിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ പുഴയിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ വലിച്ചെറിയുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണം. കടകളിലെയും, കശാപ്പുശാലകളിലെയും, മത്സ്യസ്റ്റാളുകളിലെയും, വീടുകളിലെയും മാലിന്യങ്ങളെല്ലാം തള്ളാനുള്ള ഇടമായി പുഴകളെ മാറ്റിയിരിക്കുകയാണ്.
സെപ്റ്റിക് മാലിന്യം വരെ ഒഴുക്കുന്നതും പുഴയിലേക്കാണ്. വീടുകളിലും കടകളിലും ആവശ്യമില്ലാത്ത ജൈവ അജൈവ മാലിന്യങ്ങളെല്ലാം തള്ളാനുള്ള ഇടമായി പുഴ മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് പുറമെ കുപ്പിച്ചില്ല്, ഇലക്ട്രോണിക് വേസ്റ്റുകൾ തുടങ്ങിയവയെല്ലാം പുഴയിൽ അടിഞ്ഞുകൂടുന്നുണ്ട്.
പുഴയുടെ നാശത്തിന് ഇടയാക്കുന്ന തരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുകയും പുഴകളെ വീണ്ടെടുക്കുന്ന പരിപാടികളും നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും മലിനീകരണത്തോത് കുറയുന്നില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ വൈകാതെ പുഴകളുടെ ചരമഗീതം തന്നെ പാടേണ്ടി വരുമെന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.