പൊലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത് കഞ്ചാവ് മാഫിയ സംഘം രക്ഷപ്പെട്ടു
text_fieldsതൊടുപുഴ: കഞ്ചാവ് വിൽപന നടത്തുന്ന വിവരം അറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിന് നേരെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം ലഹരി മാഫിയ സംഘം കഞ്ചാവ് റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി ഒൻപതോടെ മുതലക്കോടം - പഴുക്കാകുളം റോഡിൽ ലൈബ്രറിക്ക് സമീപമാണ് സംഭവം. റോഡിൽ ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ എസ്.എച്ച്.ഒ എസ്.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡും, ഡാൻസാഫ് അംഗങ്ങളും എത്തിയപ്പോഴാണ് ലഹരി വിൽപന സംഘം ഒന്നര കിലോ കഞ്ചാവ് റോഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.
വാഹനം മാറ്റി നിർത്തിയ ശേഷം സംഘത്തിന്റെ അടുത്ത് എത്തിയ പൊലീസുകാരുടെ നേരെ കുരുമുളക് സ്പ്രേ ചെയ്ത ശേഷം ഇവർ പാടത്തെ കൃഷിയിടത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരും പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ലഹരി വിൽപന സംഘം വന്ന സ്കൂട്ടറും ഒരാളുടെ ഷർട്ടും പൊലീസിനു ലഭിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

