ആശുപത്രി റോഡിന് വേണം 'അടിയന്തര ചികിത്സ'
text_fieldsതൊടുപുഴ: വാഹനത്തിലാണ് വരുന്നതെങ്കിൽ ജില്ല ആശുപത്രി റോഡിലേക്ക് കയറിയാലുടൻ ഒന്ന് സൂക്ഷിക്കണം.
തകർന്ന് തരിപ്പണമായ റോഡിലൂടെ അത്യാസന്ന നിലയിലുള്ള രോഗിയുമായി ജില്ല ആശുപത്രിയിലെത്തുമ്പോഴേക്കും ജീവൻ പോകുന്ന സ്ഥിതിയാണ്. ചിലപ്പോൾ വണ്ടിയും രോഗിയും കുഴിയിൽ വീഴാം. ആംബുലൻസിലായാലും ഇതാണ് സ്ഥിതി.
തൊടുപുഴ കാരിക്കോട് സ്ഥിതിചെയ്യുന്ന ജില്ല ആശുപത്രിയിലേക്കുള്ള റോഡിന്റെ അവസ്ഥയാണിത്. അപകടത്തിൽ പരിക്കേറ്റവരടക്കമുള്ള രോഗികളുമായി ദിവസവും നിരവധി ആംബുലൻസുകൾ സഞ്ചരിക്കുന്ന വഴിയാണിത്. പലതവണ ഇരുചക്രവാഹന യാത്രികർ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരിക്കേറ്റിട്ടുണ്ട്.
ഇടുങ്ങിയ റോഡായതിനാൽ ഇരുവശത്തുനിന്നെത്തുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതുപോലെ കാരിക്കോട് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽനിന്ന് ആശുപത്രി റോഡിലേക്ക് പ്രവേശിക്കാൻ തിരിഞ്ഞു കയറാനുള്ള ബുദ്ധിമുട്ട് ഗതാഗതക്കുരുക്കിനുമിടയാക്കുന്നുണ്ട്.
റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ഗർഭിണികളടക്കമുള്ളവരുമായി വാഹനത്തിലെത്തുന്നവരും ഇതുവഴി പേടിയോടെയാണ് കടന്നുപോകുന്നത്.
പരാതി പറഞ്ഞ് മടുത്തു
പലതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതാണ്. ഇടക്ക് ചില കുഴികൾ മുടിയെങ്കിലും ഇതൊന്നും സഞ്ചാരം സുഗമമാക്കാൻ പ്രയോജനപ്പെട്ടില്ല. ആശുപത്രിയിലേക്കുള്ള റോഡ് മുഴുവൻ തകർന്നിട്ടുണ്ട്. സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ 12 വണ്ടികളുണ്ടായിരുന്നതിൽ അഞ്ചു പേർ ഇവിടെനിന്ന് പോയി. രോഗികളും ബന്ധുക്കളുമടക്കമുള്ളവർ റോഡിലെ കുഴിയിൽ വാഹനം ചാടുമ്പോൾ ഞങ്ങളെയാണ് ചീത്ത വിളിക്കുന്നത്. വലിയ കുഴികളിൽ വാഹനം ചാടുമ്പോൾ വാഹനത്തിനും തകരാറുകൾ സംഭവിക്കുന്നുണ്ട്. ആശുപത്രിയിലേക്കുള്ള ജീവനക്കാർ പോലും ഇപ്പോൾ ഇതുവഴി വാഹനം കൊണ്ടുവരാതെ വേറെ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയാണ്. അടിയന്തരമായി വിഷയത്തിൽ അധികൃതർ ഇടപെടണം.
(ഇ.ഇ. സുബൈർ--ഓട്ടോറിക്ഷ തൊഴിലാളി, കാരിക്കോട്)
ആശുപത്രി മുറ്റത്തും കുഴിയും വെള്ളക്കെട്ടും
റോഡിലെ കുഴിക്ക് പുറമെ ജില്ല ആശുപത്രി മുറ്റത്തും വലിയ കുഴികളിൽ വെള്ളവും നിറഞ്ഞു കിടക്കുകയാണ്. അത്യാഹിത വിഭാഗത്തിന് മുന്നിലാണ് മറ്റൊരു അത്യാഹിതത്തിന് കാരണമാകാവുന്ന തരത്തിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി പോകുന്ന വാഹനങ്ങളിൽ കുഴിയിൽ ചാടി ആശുപത്രിലെത്തുന്നവരുടെ ദേഹത്ത് ചളി തെറിക്കുന്നതും പതിവാണ്.
മഴക്കാലം തുടങ്ങിയ ശേഷം നൂറുകണക്കിനാളുകളാണ് ആശുപത്രിയിലേക്ക് വൈറൽ പനിയടക്കമുള്ള ചികിത്സക്കായി എത്തുന്നത്. അവശനിലയിലെത്തുന്ന ഇവരും ഈ ദുരിതം അനുഭവിക്കുകയാണ്. അത്യാഹിത വിഭാഗത്തിൽനിന്ന് രോഗിയെ സ്ട്രച്ചറിൽ വാർഡിലേക്കടക്കം മാറ്റാൻ കുഴിയായി കിടക്കുന്ന ഈ മുറ്റത്തുകൂടി വേണം കൊണ്ടുപോകാൻ. കുഴികൾ നികത്താൻ ആശുപത്രി അധികൃരും ജില്ല പഞ്ചായത്തും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.