പട്ടയത്തിനായി അമ്മിണി സമരത്തിനെത്തി, തഹസിൽദാറുടെ ഉറപ്പിൽ മടങ്ങി
text_fieldsപട്ടയം കിട്ടാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് ഓഫിസിനു മുന്നിൽ
കുത്തിയിരിപ്പ് സമരത്തിനെത്തിയ അമ്മിണി
തൊടുപുഴ: കൈവശമുള്ള വസ്തുവിന് പട്ടയം കിട്ടാൻ നവകേരള സദസ്സിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരത്തിനെത്തിയ വയോധികയുടെ പ്രശ്നത്തിൽ പരിഹാര സാധ്യത തെളിയുന്നു. ആലക്കോട് കലയന്താനി കുറിച്ചിപ്പാടം ആലയ്ക്കല്‍ അമ്മിണി (73)യുമായി തൊടുപുഴ തഹസിൽദാർ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാര സാധ്യത തെളിഞ്ഞത്. തഹസിൽദാരുടെ ഉറപ്പിൽ അമ്മിണി മടങ്ങി.
ബുധനാഴ്ച മുതൽ സമരം നടത്താനായിരുന്നു അമ്മിണിയുടെ തീരുമാനം.
താൻ താമസിക്കുന്ന സ്ഥലത്തിന് പട്ടയത്തിനായി 2003ൽ അപേക്ഷ നൽകിയതാണെന്നും 1975 മുതല്‍ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സര്‍ക്കാര്‍ തരിശ് ഭൂമിയില്‍ കുടില്‍കെട്ടി താമസിച്ചുവരികയായിരുന്നുവെന്നും ഇവർ പറയുന്നു. പട്ടയം ആവശ്യപ്പെട്ട് നവകേരള സദസ്സിലും പരാതി നൽകിയിരുന്നു. ബുധനാഴ്ചതന്നെ തഹസിൽദാർ പ്രത്യേക സംഘത്തെ അയച്ച് ഇവരുടെ ഭൂമി അളന്നു.
എന്നാൽ, വീടിനു മുന്നിലെ സ്ഥലം അയൽവാസി മതിൽകെട്ടി തിരിച്ചിട്ടുണ്ടെന്നും 10 സെന്റിന്റെ പട്ടയത്തിനാണ് അമ്മിണി അപേക്ഷ നൽകിയതെങ്കിലും രണ്ടര സെന്റ് മാത്രമേ അളവിൽ കാണാൻ കഴിഞ്ഞുള്ളുവെന്നും തഹസിൽദാർ പറയുന്നു.
തന്റെ സ്ഥലം അയൽവാസി കൈയേറി ഷെഡ് കെട്ടിയെന്നാണ് അമ്മിണിയുടെ പരാതി. അമ്മിണി പട്ടയത്തിനായി നൽകിയ അപേക്ഷപ്രകാരം 2020ൽ തഹസിൽമാനും സർവേയറും കൂടി അളക്കാൻ ചെന്നപ്പോൾ അയൽവാസികളായ രണ്ടുപേർ തടസ്സപ്പെടുത്തിയതിനാൽ അളവ് പൂർത്തിയാക്കാതെ മടങ്ങേണ്ടിവരികയായിരുന്നു. തനിക്ക് പട്ടയം കിട്ടിയ ഭൂമിയാണെന്നായിരുന്നു അയൽവാസിയുടെ വാദം.
എന്നാൽ, തങ്ങള്‍ക്കെതിരേ എതിര്‍കക്ഷികള്‍ കോടതിയില്‍ വ്യാജ പരാതി നല്‍കിയതായും അമ്മിണി പറയുന്നു. ഭര്‍ത്താവ് കൊച്ച് കുഞ്ഞ് 2017ല്‍ മരിച്ചു. ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങ് പോലും എതിര് കക്ഷികള്‍ തടയാന്‍ ശ്രമിച്ചുവെന്നാണ് അമ്മിണി പറയുന്നത്.
വസ്തു സംബന്ധമായി തൊടുപുഴ മുനിസിഫ് കോടതിയിൽ കേസുണ്ടെന്നും വിധിയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം അമ്മിണിക്ക് പട്ടയം നൽകുമെന്നും തഹസിൽദാർ ‘മാധ്യമ’ത്തോട് പറഞ്ഞു. അയൽവാസികളുടെ പട്ടയം സാധുവാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

