Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightമൊബൈൽ പരിധിക്ക്...

മൊബൈൽ പരിധിക്ക് പുറത്ത്; ഹാജർ രേഖപ്പെടുത്താനാകാതെ തൊഴിലുറപ്പ് തൊഴിലാളികൾ

text_fields
bookmark_border
മൊബൈൽ പരിധിക്ക് പുറത്ത്; ഹാജർ രേഖപ്പെടുത്താനാകാതെ തൊഴിലുറപ്പ് തൊഴിലാളികൾ
cancel
camera_alt

പ്രതീകാത്മക ചിത്രം

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഡിജിറ്റൽ നെറ്റ്‌വർക്ക് പരിധിക്ക് പുറത്തുള്ള ഹൈറേഞ്ച്-ആദിവാസി മേഖലകളിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഹാജർ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കടുത്ത പ്രതിസന്ധി. ഫെബ്രുവരി മുതൽ ‘നാഷനൽ മൊബൈൽ മോണിറ്ററിങ് സിസ്റ്റം’ ആപ്ലിക്കേഷൻ വഴിയുള്ള ഡിജിറ്റൽ ഹാജർ നിർബന്ധമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ഇതോടെ മൊബൈൽ റേഞ്ചില്ലാത്ത ഇടുക്കിയിലെ നിരവധി ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമാണ്. പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നൽകി. ജില്ലയിലെ മറയൂർ, ഇടമലക്കുടി, ശാന്തൻപാറ, അടിമാലി എന്നീ പഞ്ചായത്തുകളിലെ നിരവധി വാർഡുകളിലാണ് മൊബൈൽ നെറ്റ്‌വർക്ക് പ്രതിസന്ധിയുള്ളത്. ഇവിടെ റേഞ്ച് വളരെ കുറവോ അല്ലെങ്കിൽ പൂർണമായി ഇല്ലാത്തതോ ആയ അവസ്ഥയാണ് നിലവിലുള്ളത്. ഈ പ്രദേശങ്ങളിലെ ഉന്നതികളിൽ ജോലി ചെയ്യുന്ന ആദിവാസി വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾക്ക് എൻ.എം.എം.എസ് ആപ് വഴി ഹാജർ രേഖപ്പെടുത്താൻ സാധിക്കാത്തതുമൂലം വേതന വിതരണം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്.

രേഖയിലാകാതെ 19,182 തൊഴിൽ ദിനങ്ങൾ

മറയൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകളിലെ മലയോര മേഖലകളിൽ ഫെബ്രുവരി 23 മുതൽ മാർച്ച് 29 വരെ ജോലി ചെയ്ത തൊഴിലാളികളുടെ 19,182 തൊഴിൽ ദിനങ്ങളുടെ മസ്റ്റർറോൾ എൻട്രി ഇതുവരെ സിസ്റ്റത്തിൽ രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. നെറ്റ്‌വർക്ക് തകരാർമൂലം ഡിജിറ്റൽ ഹാജർ സാധ്യമാകാത്തതിനാൽ ഏകദേശം 70 ലക്ഷത്തിലധികം രൂപയുടെ വേതനമാണ് ഈയൊരു പഞ്ചായത്തിൽ മാത്രം തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.

കൃഷിയും തൊഴിലുറപ്പും മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഈ കുടുംബങ്ങൾ ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. മുൻകാലങ്ങളിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ബ്ലോക്ക്തലത്തിൽ പ്രത്യേക അനുമതിയോടെ മാനുവൽ മസ്റ്റർറോളുകൾ ഉപയോഗിച്ചാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പുതിയ പരിഷ്കാരത്തോടെ ബ്ലോക്ക് തലത്തിൽ ഇതിനുള്ള ഇളവുകൾ നൽകാനുള്ള അധികാരം ഇല്ലാതായിക്കഴിഞ്ഞു. നെറ്റ്‌വർക്ക് ഇല്ലാത്ത പ്രദേശങ്ങളെ ഡിജിറ്റൽ ഹാജരിൽനിന്നും താൽക്കാലികമായി ഒഴിവാക്കണമെന്നും മൊബൈൽ കണക്റ്റിവിറ്റി പൂർണതോതിൽ ലഭ്യമാകുന്നതുവരെ പരമ്പരാഗത രീതിയിലുള്ള മാനുവൽ മസ്റ്റർറോളുകൾ ഉപയോഗിച്ച് ഹാജരും വേതനവും രേഖപ്പെടുത്താൻ അനുമതി നൽകണമെന്നും നിവേദനത്തിൽ എം.പി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അനുകൂലമായ നടപടി അടിയന്തരമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workersattendanceMobile rangeMahatma Gandhi National Rural Employment
News Summary - Out of mobile coverage; Job-secured workers unable to record attendance
Next Story