കളംനിറഞ്ഞ് ഓൺലൈൻ തട്ടിപ്പുകാർ
text_fieldsതൊടുപുഴ: ഓൺലൈൻ തട്ടിപ്പുകൾ ജില്ലയിൽ വീണ്ടും സജീവമാകുന്നു. ഒരുമാസത്തിനിടെ രണ്ടരക്കോടിയുടെ തട്ടിപ്പാണ് ജില്ലയിൽ നടന്നത്. ഓൺലൈൻ ട്രേഡിങ് എന്ന പേരിലാണ് ജില്ലയിൽ തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്. തട്ടിപ്പുകാർ ഇരകളെ വാട്സാപ് ഗ്രൂപ്പുകളിൽ ചേർത്ത് പിന്നീട് അവർ നിർദേശിക്കുന്ന ട്രേഡിങ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ നിർബന്ധിക്കും. ഇത്തരം ആപ്പുകളിൽ യഥാർഥ ഓഹരി വ്യാപാരത്തിന് പകരം പേപ്പർ ട്രേഡിങ്ങാണ് നടക്കുന്നത്. മെസേജിങ് ആപ്പുകളും നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുന്നുണ്ട്.
ഏറ്റവുമൊടുവിൽ കുമളി ചക്കുപള്ളം സ്വദേശിയിൽനിന്ന് രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൗണ്ടുകളിലേക്ക് തുക ട്രാസ്ഫർ ചെയ്യിക്കുകയായിരുന്നു.
25 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെടുന്ന കേസുകൾ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ജില്ലയിൽ കഴിഞ്ഞ വർഷം 19 കേസുകളിൽനിന്നായി 4,10,16,857 രൂപയുടെ തട്ടിപ്പാണ് നടന്നത്.
തട്ടിപ്പുകളിൽ ‘വെറൈറ്റി’
പലതരത്തിലുള്ള തട്ടിപ്പുകളാണ് ജില്ലയിൽ അരുങ്ങേറുന്നത്. വാട്സ്ആപ്പിലും ഇ- മെയിലിലും മറ്റും ലഭിക്കുന്ന പ്രോലോഭനകരമായ ലിങ്കുകളിൽ ക്ലിക് ചെയ്യുന്നതിന് മുമ്പ് സൂക്ഷിക്കണം. അപകടകരമായ ആപ്പുകളാണ് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും. ഓൺലൈൻ തട്ടിപ്പ് ട്രേഡിങ്ങുകളിൽ തുടക്കത്തിൽ ലാഭം ലഭിക്കും. തുടർന്ന് വലിയ തുക മുടക്കുന്നതോടെ ആപ്പും സൈറ്റുമൊക്കെ പ്രവർത്തിക്കാതെയാകും. അതുവരെ വിളിച്ചുകൊണ്ടിരുന്ന ഫോൺ നമ്പറുകൾ നിശ്ചലമാകും. ഇതാണ് കൂടുതൽ കുപ്രചാരം ലഭിച്ച തട്ടിപ്പ് രീതി. വാട്സ്ആപ്, ഇ- മെയിൽ, ഫോൺ കാൾ, എസ്.എം.എസ് എന്നിവയിലൂടെ ലോട്ടറിയോ മറ്റ് വിലപിടിപ്പുള്ള സമ്മാന തുകയോ ലഭിച്ചെന്ന വ്യാജ സന്ദേശം ലഭിക്കും. തുടർന്ന് നിശ്ചിത തുക സർവിസ് ചാർജ് എന്ന വ്യാജേന ഇരകളിൽനിന്ന് കൈപ്പറ്റും. സമ്മാന തുക ലഭിക്കില്ല. ഇതും പ്രധാന തട്ടിപ്പുകളിൽ ഒന്നാണ്.
ഇ-മെയിൽ, ഓൺലൈൻ പരസ്യങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളുണ്ട്. ഇത് വിശ്വസിച്ച് നിക്ഷേപിക്കുന്നവരുടെ കൈയിലുള്ള പണം തട്ടിയെടുക്കും. ചുരുങ്ങിയ വിവരങ്ങൾ നൽകി വേഗത്തിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പുകളുണ്ട്.
ഈ ആപ്പുകളിൽ പലതും അമിത പലിശ നിരക്കുകളോ മറ്റ് ഫീസുകളോ ഈടാക്കും. വായ്പയെടുത്തവർ തിരിച്ചടക്കുന്നതിൽ പരാജയപ്പെടുമ്പോൾ അപകീർത്തിപ്പെടുത്തലും ഭീഷണിയുമുൾപ്പെടെ പല തന്ത്രങ്ങളും നടത്തും. കെ.വൈ.സി, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ എന്നിവയുടെ പുതുക്കൽ/ കാലഹരണപ്പെടൽ എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെടും. ഇത്തരത്തിൽ പണം നഷ്ടമായവരുണ്ട്.
ജോലി വാഗ്ദാനങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്നു പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് കൂടുതലും തട്ടിപ്പുകാർ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്യുന്നത്. മൊബൈലിലേക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.
തുടക്കത്തിൽ ചെറിയ ടാസ്ക് നൽകി പൂർത്തീകരിച്ചാൽ പണം നൽകും എന്ന് പറയുകയും പൂർത്തീകരിച്ചു കഴിഞ്ഞാൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുകയും ചെയ്യുന്നു. ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.
വിലപ്പെട്ടതാണ് ഗോൾഡൻ അവർ
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ പരിഭ്രാന്തരാകാതെ പരാതി നൽകിയാൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതർ നൽകുന്ന വിവരം. ഒരുമണിക്കൂറിനകം തന്നെ (ഗോൾഡൻ അവർ) വിവരം 1930ൽ അറിയിക്കുക. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് wwwcybercrime gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

