‘ഒരു പഞ്ചായത്തിൽ ഒരുകളിക്കളം’ പദ്ധതി ഇഴയുന്നു; പൂർത്തിയായത് ഒന്ന് മാത്രം
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരുകളിക്കളം’ പദ്ധതി ജില്ലയിൽ ഇഴയുന്നു. ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് അഞ്ച് ഗ്രാമീണ കളിക്കളമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പൂർത്തിയായത് ഒന്ന് മാത്രമാണ്. ഉടുമ്പൻചോല, പീരുമേട് നിയമസഭ മണ്ഡലങ്ങളിൽ രണ്ട് വീതവും ദേവികുളം നിയമസഭ മണ്ഡലത്തിൽ ഒന്നുമാണ് അനുവദിച്ചിരുന്നത്. അധികൃതരുടെ അനാസ്ഥയും വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഫണ്ടുകളിലെ അപര്യാപ്തതയുമാണ് ഇവിടെയും വില്ലനാകുന്നത്.
പ്രതിഭകളേറെ; പരിശീലന കേന്ദ്രങ്ങൾ കുറവ്
ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിക്കുകയും പങ്കാളികളാകുകയും ചെയ്തിട്ടുള്ള നിരവധി കായിക പ്രതിഭകൾക്കാണ് ജില്ല ജന്മം നൽകിയിട്ടുള്ളത്. എന്നാൽ, മതിയായ പരിശീലന സൗകര്യങ്ങളുടെയും ഗ്രൗണ്ടുകളുടെയും അഭാവംമൂലം ഇവരിൽ പലരും ജില്ലക്ക് പുറത്തുള്ള വിവിധ കേന്ദ്രങ്ങളിലൂടെയാണ മികവ് വളർത്തിയെടുത്തത്. ഈ സാഹചര്യത്തിലാണ് കായിക വകുപ്പ് പ്രഖ്യാപിച്ച ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ജില്ലയിലെ ഗ്രൗണ്ടുകളും ഉൾപ്പെടുത്തിയത്.
ഗ്രാമീണ കളിക്കളങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ കായിക വകുപ്പും ബാക്കി തുക അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എ ആസ്തിവികസന ഫണ്ട്, വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് എന്നിവ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനായിരുന്നു വകുപ്പിന്റെ നിർദേശം. ഓരോ ഗ്രൗണ്ടിലും സ്ഥല ലഭ്യതക്കും ഫണ്ടിനും അനുസരിച്ച് കോർട്ടുകൾ, പ്രത്യേക കളിസ്ഥലം, ഓപൺ ജിംനേഷ്യം അടക്കം വിവിധ പദ്ധതികളും ലക്ഷ്യമിട്ടിരുന്നു. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പഞ്ചായത്തുകളിലെ കളിസ്ഥലങ്ങളെ കുറിച്ചുള്ള വിവരശേഖരണവും വകുപ്പ് നടത്തിയിരുന്നു.
കാത്തിരിപ്പിനൊടുവിൽ പ്രഖ്യാപിച്ചത് അഞ്ചെണ്ണം
ജില്ലയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അഞ്ച് ഗ്രാമീണ കളിക്കളങ്ങൾക്ക് അനുമതിയായത്. ഗ്രാമീണമേഖലകളിലെ കായികപ്രതിഭകൾക്കും യുവജനങ്ങൾക്കും അവരുടെ മികവ് തെളിയിക്കാൻ പ്രാദേശീക തലത്തിൽ സ്റ്റേഡിയങ്ങൾ വേണമെന്ന ആവശ്യങ്ങൾക്ക് ഏറെ പഴക്കമുണ്ട്. എന്നാൽ, നടപ്പായിരുന്നില്ല. ഇതിനൊടുവിലാണ് സർക്കാറിന്റെ ഒരുപഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ അഞ്ച് കളിക്കളങ്ങൾ ഉൾപ്പെട്ടത്.
ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട്, പാമ്പാടുംപാറ കല്ലാർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്, പീരുമേട് നിയോജക മണ്ഡലത്തിലെ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട്, ചക്കുപ്പള്ളം ഗ്രാമപഞ്ചായത്ത് ആറാം മൈൽ,ദേവികുളം നിയോജകമണ്ഡലത്തിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്ത്ഗ്രൗണ്ട് എന്നിവയാണവ. എന്നാൽ, ഇവയിൽ പൂർത്തിയായത് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് മാത്രമാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ നടപടി ഇഴയാൻ സാധ്യത
പ്രഖ്യാപിക്കപ്പെട്ട കളിക്കളങ്ങളുടെ പൂർത്തീകരണത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സർക്കാർ തന്നെ വ്യക്തമാക്കുന്നത്. പൂർത്തിയായ ഒന്ന് മാറ്റി നിർത്തിയാൽ കല്ലാർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിന്റെ എസ്റ്റിമേറ്റ് നടപടികൾ നടക്കുന്നേയുള്ളൂ. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ആറാംമൈൽ ഗ്രൗണ്ടിന് എം.എൽ.എ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമുണ്ട്.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് 72 ശതമാനവും പള്ളിവാസൽ പഞ്ചായത്ത് ഗ്രൗണ്ട് 22 ശതമാനവും പണി പൂർത്തിയാക്കിയിട്ടുണ്ടെന്ന് കായിക വകുപ്പ് വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ ഇനി വീണ്ടും നടപടി ക്രമങ്ങൾ ഇഴഞ്ഞ് ഗ്രൗണ്ടിനായുള്ള കാത്തിരിപ്പ് നീളാനാണ് സാധ്യത.
പദ്ധതിയിൽ അനുവദിച്ച ഗ്രൗണ്ടുകൾ
- ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് (ഉടുമ്പൻചോല നിയമസഭാ മണ്ഡലം)
- കല്ലാർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട് (ഉടുമ്പൻചോല)
- വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് (പീരുമേട് നിയമസഭ മണ്ഡലം)
- ചക്കുപ്പള്ളം ഗ്രാമപഞ്ചായത്ത് ആറാം മൈൽ (പീരുമേട്)
- പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് (ദേവികുളം നിയമസഭ മണ്ഡലം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

