തെക്കിന്റെ കശ്മീരിൽ കാൽപന്താരവം
text_fieldsമൂന്നാറിലെ ഫിൻലേ ഷീൽഡ് ടൂർണമെന്റ് മൂന്നാർ ഡിവൈ.എസ്.പി അലക്സ് ബേബി കിക്ക് ഓഫ് ചെയ്യുന്നു
തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഫുട്ബാൾ മത്സരങ്ങളിലൊന്നായ മൂന്നാറിലെ ഫിൻലേ ഷീൽഡ് ടൂർണമെന്റിന്റെ ആരവമാണ് ഇപ്പോൾ മൂന്നാറിന്. 75ാമത് ടൂർണമെന്റാണ് ഇപ്പോൾ നടക്കുന്നത്. 1941ൽ അന്ന് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ജയിംസ് ഫിൻലേ തേയില കമ്പനിയുടെ ജനറൽ മാനേജറായിരുന്ന ഇ.എച്ച്. ഫ്രാൻസിസാണ് മൂന്നാറിൽ ഫിൻലേ കപ്പ് ഫുട്ബാൾ മത്സരം തുടങ്ങിയത്. തോട്ടം തൊഴിലാളികളുടെ കായിക വിനോദം ലക്ഷ്യമിട്ടാണ് മത്സരം ആരംഭിച്ചത്.
1901 മുതൽ 1977വരെയായിരുന്നു മൂന്നാറിൽ ഫിൻലേ കമ്പനി തേയില വ്യവസായം നടത്തിയത്. പിന്നീട് ’84വരെ ടാറ്റ ഫിൻലേയും ’84 മുതൽ ടാറ്റ ടീയും തുടർന്ന് കെ.ഡി.എച്ച്.പി കമ്പനിയുമാണ് തേയില വ്യവസായം നടത്തുന്നത്. കമ്പനികൾ മാറിയെങ്കിലും ഫിൻലേ കപ്പ് ഫുട്ബാൾ മാത്രം മാറിയില്ല. പ്രളയം, കോവിഡ് തുടങ്ങിയ നാളുകളിൽ ഏതാനും വർഷം പന്ത് ഉരുണ്ടില്ല. ഓരോ ദിവസവും മത്സരിക്കുന്ന എസ്റ്റേറ്റുകൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾ അവധി നൽകുന്നതിനാൽ മുഴുവൻ തൊഴിലാളികളും കളികാണാൻ പഴയ മൂന്നാർ മൈതാനത്ത് എത്തും.
ടൂർണമെന്റ് മൂന്നാർ ഡിവൈ.എസ്.പി അലക്സ് ബേബി കിക്ക് ഓഫ് ചെയ്തു. ശനിയാഴ്ച രണ്ട് മത്സരമാണ് നടന്നത്. ആദ്യമത്സരത്തിൽ ലക്ഷ്മി എസ്റ്റേറ്റ്, നയമക്കാട് എസ്റ്റേറ്റ് എന്നീ ടീമുകൾ ഏറ്റുമുട്ടിയതിൽ എതിരില്ലാത്ത ഒരു ഗോളിന് ലക്ഷ്മി എസ്റ്റേറ്റ് വിജയിച്ചു. രണ്ടാം മത്സരത്തിൽ സൂര്യനെല്ലി എസ്റ്റേറ്റ് ടീമിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന് കെ.ഡി.എച്ച്.പി ഡിപ്പാർട്മെന്റ് ടീം വിജയിച്ചു. ടാറ്റ ടീ, കെ.ഡി.എച്ച്.പി, എച്ച്.എം.എൽ, തലയാർ ടീ തുടങ്ങിയ കമ്പനികളിൽനിന്നുള്ള 13 ടീമുകളാണ് ഈ വർഷം മത്സരിക്കുന്നത്. മാർച്ച് ഒമ്പതിനാണ് ഫൈനൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഗൂഡാർവിള ടീമാണ് ജയിച്ചത്. വിജയികൾക്ക് ഫിൻലെ എവർ റോളിങ് ഷീൽഡ് സമ്മാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.