കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഓണച്ചന്തയും
text_fieldsതൊടുപുഴ: ഓണനാളുകളിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നവർക്ക് ഡിപ്പോയിൽനിന്നുതന്നെ പച്ചക്കറി വാങ്ങാം. ഓണച്ചന്ത ആരംഭിച്ച് വരുമാനം വർധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി.ചന്തകൾ നടത്താൻ താൽപര്യമുള്ള സഹകരണ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അപേക്ഷ നൽകാം. പ്രതിദിന വാടക ഉൾപ്പെടെ വ്യക്തമാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികളും സ്റ്റാളുകളുമാണ് വിട്ടുകൊടുക്കുക. ജില്ലയിലെ പല ഡിപ്പോകളിലും ഒന്നോ രണ്ടോ മുറികൾ വീതം ഒഴിഞ്ഞുകിടപ്പുണ്ട്.
അപേക്ഷകരിൽനിന്ന് വാടകത്തുക ഉൾപ്പെടെയുള്ള പ്രൊപ്പോസൽ വാങ്ങി കോർപറേഷന്റെ എസ്റ്റേറ്റ് ഓഫിസർക്ക് സമർപ്പിക്കേണ്ട ചുമതല അതത് സ്റ്റേഷൻ ഓഫിസർമാർക്കാണ്.സീസൺ വിപണി മാത്രം ലക്ഷ്യമിട്ട് കച്ചവടം നടത്തുന്നവർക്കും മികച്ച അവസരമായിരിക്കും ഇത്.
ഓണച്ചന്ത നടത്താൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷകൾ സ്വീകരിക്കാൻ മാർക്കറ്റിങ് എക്‌സിക്യൂട്ടിവുമാരുടെ സേവനം ഉപയോഗപ്പെടുത്തും.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഓണച്ചന്ത ഉപകാരപ്പെടും. ജനത്തിരക്കേറിയ സ്ഥലമെന്ന പ്രയോജനം കച്ചവടക്കാർക്കും ലഭിക്കും.
ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച ബജറ്റ് ടൂറിസം ഹിറ്റായതിന് പിന്നാലെയാണ് ഓണം സീസൺ ലക്ഷ്യമിട്ടുള്ള പദ്ധതി. ഓണച്ചന്ത നടത്താൻ സഹകരണ സൊസൈറ്റികളെയാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. കൂടുതൽ പേർ വന്നാൽ ടെൻഡർ വിളിച്ച് നൽകേണ്ടി വരും.
തൊടുപുഴയിലെ പുതിയ ടെർമിനലിൽ നിരവധി മുറികൾ ഒഴിഞ്ഞുകിടപ്പുണ്ട്. ആളുകളുടെ ശ്രദ്ധ ലഭിക്കുന്ന മുറിയോ സ്റ്റാളോ ലഭിക്കുന്നതിനാകും കച്ചവടക്കാർ പ്രൊപ്പോസലിൽ പ്രാധാന്യം നൽകുകയെന്നും ഡി.ടി.ഒ എ. അജിത് 'മാധ്യമ'ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.