ഓണം കളറാക്കാൻ വിപണന മേളകളൊരുങ്ങി
text_fieldsതൊടുപുഴ: ഓണത്തെ വരവേൽക്കാനൊരുങ്ങി വിപണന മേളകൾ. മലയാളിയുടെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കാൻ വൈവിധ്യങ്ങളായ വിപണന മേളകളാണ് ജില്ലയിലൊരുങ്ങുന്നത്. കുടുംബശ്രീ, കൃഷി വകുപ്പ്, സപ്ലൈകോ, വിവിധ സഹകരണ സംഘങ്ങൾ തുടങ്ങി സർക്കാർ -സഹകരണ മേഖലകളിലെ വിവിധ സ്ഥാപനങ്ങളാണ് മേളകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കി ഓണം കളറാക്കലാണ് മേളകളുടെ ലക്ഷ്യം.
വൈവിധ്യം തീർത്ത് കുടുംബശ്രീ മേളകൾ
ഓൺലൈൻ, ഓഫ്ലൈൻ രീതിയിലുള്ള വിപണന മേളകളാണ് ഇക്കുറി കുടുംബശ്രീയുടെ വൈവിധ്യം. സി.ഡി.എസ് തലത്തിൽ 750 രൂപയുടെ ഉൽപന്നങ്ങൾ കിറ്റ് രൂപത്തിൽ നൽകുന്നതാണ് ഓഫ്ലൈൻ വിപണി. ജില്ലയിലെ 54 സി.ഡി.എസിലും ഇത് സജീവമാണ്.
ചിപ്സ്, ശർക്കരവരട്ടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, അച്ചാർ, ഓയിൽ, വെളിച്ചെണ്ണ, പായസം മിക്സ് അടക്കമുള്ള കുടുംബശ്രീയുടെ സ്വന്തം ഉൽപന്നങ്ങളാണ് കിറ്റിലുള്ളത്. ഇതിന്റെ വിപണനം വ്യാഴാഴ്ച അവസാനിക്കും.
ഇതോടൊപ്പമാണ് ഗിഫ്റ്റ് ഹാമ്പർ എന്ന് പേരിട്ട ഓൺലൈൻ കിറ്റുകളുടെ വിതരണം. 799 രൂപ നൽകി ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഒൺലൈൻ വഴി ഗിഫ്റ്റ് അയക്കുന്ന ഈ സംരംഭവും ജില്ലയിൽ വിജയമായിരുന്നു. ഇതിന് പുറമെ സി.ഡി.എസ് തലത്തിലും ജില്ല തലത്തിലും കുടുംബശ്രീയുടെ വിപണനമേളകൾ 30ന് ആരംഭിക്കും.
വിലക്കുറവിന്റെ മേളയുമായി സപ്ലൈകോ
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം മേളകളുടെ വരവ്. ജില്ലയിൽ തൊടുപുഴ, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം, അടിമാലി പീപ്പിൾസ് ബസാറുകളിലും മറ്റ് സപ്ലൈകോ ഔട്ട്ലെറ്റുകളിലുമെല്ലാം ഓണം മേളകളൊരുക്കുന്നുണ്ട്.
19 ഉൽപന്നങ്ങളടങ്ങിയ 1000 രൂപയുടെ കിറ്റുകളാണ് ഇവിടങ്ങളിലെ പ്രത്യേകത. തൊടുപുഴയിൽ മേള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മറ്റിടങ്ങളിൽ 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് പ്രവർത്തനം. സബ്സിഡി സാധനങ്ങളെല്ലാം യഥേഷ്ടം സ്റ്റോക്കുണ്ടെന്ന് റീജനൽ മാനേജർ ആർ. ബോബൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

