ലക്ഷങ്ങളുമായി വൃദ്ധസദനം ഉടമ മുങ്ങി; ദുരിതത്തിലായി അന്തേവാസികൾ
text_fields1. തൊടുപുഴ മുതലക്കോടത്തെ എൽഡർ ഗാർഡൻ വൃദ്ധ സദനം 2. ജില്ല സാമൂഹിക നീതി ഓഫിസർ ഷംനാദിന്റെ
നേതൃത്വത്തിൽ വൃദ്ധസദനത്തിൽ പരിശോധന നടത്തുന്നു
തൊടുപുഴ: അനധികൃതമായി ആരംഭിച്ച വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരൻ അന്തേവാസികളുടെ ലക്ഷങ്ങളുമായി വിദേശത്തേക്ക് കടന്നു. ഭക്ഷണത്തിനും മരുന്നിനും അടക്കം പണമില്ലാതെ അന്തേവാസികളും ജീവനക്കാരിയും ദുരിതത്തിൽ. മാനസിക വെല്ലുവിളി നേരിടുന്നവർ അടക്കം അന്തേവാസികളുടെ പണമാണ് തട്ടിയെടുത്തത്.
തൊടുപുഴ മുതലക്കോടത്ത് എൽഡർ ഗാർഡൻ എന്ന പേരിൽ നടത്തുന്ന വൃദ്ധസദനത്തിലുള്ള ഏഴ് പേരാണ് ദുരിതത്തിലായത്. പൊലീസിൽ അടക്കം പരാതി നൽകി തങ്ങളുടെ പണം തിരികെ ലഭിക്കാനുള്ള കാത്തിരിപ്പിലാണിവർ. 2.5 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയാണ് ഉടമ ജീവൻ തോമസ് അന്തേവാസികളിൽനിന്ന് വാങ്ങിയത്. ഇതിന് പുറമെ പലരിൽ നിന്നും പണവും സ്വർണവും കടമായി വാങ്ങിയിട്ടുണ്ട്.
നടത്തിപ്പുകാരൻ അയർലൻഡിലേക്കാണ് പോയത്. ഇതോടെ ചികിത്സയും മരുന്നുമെല്ലാം മുടങ്ങി. അന്തേവാസികൾ തന്നെ പണം സമാഹരിച്ചും മറ്റുമാണ് ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്. ഇവർ തന്നെയാണ് പാകം ചെയ്യുന്നത്.
സർക്കാറിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും അനുമതിയില്ലാതെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കുറച്ചുനാൾ മുമ്പ് ഈ സ്ഥാപനം സാമൂഹിക നീതി വകുപ്പ് പൂട്ടിച്ചിരുന്നു. അന്ന് 24 ഓളം അന്തേവാസികൾ ഉണ്ടായിരുന്നു.
പൂട്ടി മാസങ്ങൾ പിന്നിട്ടപ്പോൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. എന്നാൽ, മാസങ്ങൾക്കകം വീണ്ടും പ്രവർത്തനം തുടങ്ങി. ജീവൻ തോമസിന് പാലക്കാട്ടും ഇത്തരത്തിലുള്ള സ്ഥാപനം ഉണ്ടായിരുന്നതായി പറയുന്നു.
ജീവിത സായാഹ്നത്തിൽ കൂട്ടിനൊരാളില്ലാത്തവർക്ക് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയുമൊക്കെ കിട്ടുമെന്ന പരസ്യവാചകത്തിൽ വിശ്വസിച്ചാണ് കോഴിക്കോട് സ്വദേശി വൃദ്ധ സദനത്തിലെത്തിയത്. ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം നടത്തിപ്പുകാരന് നൽകി. ആദ്യനാളുകളിൽ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്നങ്ങൾ തുടങ്ങിയതായി പറയുന്നു. അന്തേവാസികളുടെ ദുരിതമറിഞ്ഞ് ജില്ല സാമൂഹിക നീതി ഓഫിസർ ഷംനാദിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൃദ്ധ സദനത്തിലെത്തി.
അന്തേവാസികളിൽ നിന്ന് ഇവർ വിവരങ്ങൾ ചോദിച്ച് അറിയുകയും പരാതികൾ സമാഹരിക്കുകയും ചെയ്തു. അന്തേവാസികൾ സർക്കാർ അഗതി മന്ദിരങ്ങളിലേക്ക് മാറാൻ തയാറല്ലെന്നാണ് അറിയിച്ചതെന്ന് ജില്ല സാമൂഹിക നീതി ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.