ഇടുക്കി ജില്ലയിൽ ഓഫ് റോഡ് ഡ്രൈവിങ്ങിന് നിയന്ത്രണം
text_fieldsതൊടുപുഴ: സുരക്ഷയുടെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് നടക്കുന്ന ഓഫ് റോഡ് ഡ്രൈവിങ്ങിന് നിയന്ത്രണം വരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സുരക്ഷിതമായ ഓഫ് റോഡ് യാത്രക്കായി വാഹനങ്ങളുടെ ലൈസൻസ്, പെർമിറ്റ് എന്നിവ പരിശോധിച്ച് അനുമതി നൽകാൻ സമിതി രൂപവത്കരിക്കും. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അതത് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കാകും നിയന്ത്രണങ്ങളുടെ ചുമതല.
മഴക്കാലം വരുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കമ്മിറ്റി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി പാർക്കിനോട് ചേർന്ന് നിർമാണം പൂർത്തിയായ ഇക്കോ ലോഡ്ജിന്റെയും കുടിയേറ്റ സ്മാരകത്തിന്റെയും ഉദ്ഘാടനം ജൂൺ അവസാന വാരം നടത്താനും തീരുമാനിച്ചു.
നിർമാണം നടന്നുവരുന്ന യാത്രി നിവാസിന്റെ ഉദ്ഘാടനം ആഗസ്റ്റിൽ നടക്കും. മൂന്നാർ ബോട്ടാണിക്കൽ ഗാർഡൻ, മുതിരപ്പുഴ റിവർ സൈഡ് വാക് വേ എന്നിവയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
വനംവകുപ്പുമായി സഹകരിച്ച് കൂടുതൽ വ്യൂ പോയന്റുകൾ കണ്ടെത്തി ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും. ജൂൺ 23ന് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഡെസ്റ്റിനേഷൻ ചലഞ്ച് എന്ന വിഷയത്തിൽ വർക്ഷോപ് നടത്തും.
എം.എം. മണി എം.എൽ.എ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, കലക്ടർ ഷീബ ജോർജ്, ഇടുക്കി എസ്.പി വി.യു. കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.