വഴിവിളക്കുകൾ കണ്ണടച്ചിട്ട് നാളുകൾ; ഇരുട്ടിലാണ് തൊടുപുഴ
text_fieldsതൊടുപുഴ: നഗരത്തിൽ രാത്രി എത്തുന്നവർ റോഡിലൂടെ നടക്കാൻ വെളിച്ചം കൈയിൽ കരുതേണ്ട സ്ഥിതിയാണിപ്പോൾ. പല ഭാഗത്തും വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായിട്ടില്ല. യാത്രക്കാർക്ക് ആശ്രയം വാഹനങ്ങൾ ഓടുമ്പോൾ കിട്ടുന്ന വെളിച്ചവും കടകളിലെ വെളിച്ചവും മാത്രമാണ്. രാത്രി എട്ട് കഴിഞ്ഞാൽ ടൗണിലെ പ്രധാന ജങ്ഷനുകൾ, ബൈപാസുകൾ എന്നിവയെല്ലാം ഇരുട്ടിലാണ്. അവിടെയും ഇവിടെയും തെളിയുന്ന ചുരുക്കം ചിലതൊഴികെ വഴിവിളക്കുകളൊന്നും കണ്ണടച്ചിരിക്കുകയാണ്. രാത്രി കടകൾ അടച്ചാൽ അപൂർവം ചില കടകളിലെ ലൈറ്റ് ബോർഡുകളാണ് കാൽനട യാത്രക്കാർക്ക് ആശ്രയം.
ഇടുക്കി റോഡിൽ ടൗൺ ഹാൾ ഭാഗം മുതൽ കെ.എസ്.ആർ.ടി.സി ജങ്ഷൻ വരെ വിരലിൽ എണ്ണാവുന്ന ലൈറ്റുകൾ മാത്രമാണ് തെളിയുന്നത്. ബൈപാസുകളിൽ മിക്കതും ഇരുട്ടിലാണ്. കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസിൽ രാത്രി സഞ്ചരിക്കുന്നവർക്ക് വാഹനങ്ങളിൽനിന്നുള്ള വെളിച്ചം മാത്രമാണ് ആശ്രയം. നാലുവരി പാതയിലെ സ്ഥിതിയും വ്യത്യസ്തമല്ല.
നഗരസഭ പ്രദേശത്തെ ലൈറ്റുകൾ മാറ്റി സ്ഥാപിക്കാനും കേടായവ നന്നാക്കാനുമായി രണ്ട് കരാറുകാർക്കായി 20 ലക്ഷം രൂപയാണ് ഈ വർഷം അനുവദിച്ചിരുന്നത്. അതേസമയം പല വാർഡുകളിലും ഇതിന്റെ ഇരട്ടി ലൈറ്റുകൾ നന്നാക്കാനുണ്ടെന്നാണ് പറയുന്നത്.
അടിമാലിയിൽ വെളിച്ചം ഒളിച്ചുകളിക്കുന്നു; പാതയോരങ്ങൾ ഇരുട്ടിൽ
അടിമാലി: വിനോദ സഞ്ചാരികളടക്കം നൂറുകണക്കിന് ആളുകൾ എത്തുന്ന അടിമാലി പഞ്ചായത്തിൽ തെരുവ് വിളക്കുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി. കൊച്ചി - ധനുഷ്കോടി, അടിമാലി കുമളി ദേശീയ പാതകൾ അടക്കം പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും ഇരുട്ടിലാണ്. അടിമാലി മുതൽ വാളറ വരെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ വിളക്കുകളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 10ൽ താഴെ മാത്രം. 20 ലക്ഷത്തിലേറെ മുടക്കി സ്ഥാപിച്ചവയാണ് അഞ്ച് വർഷം കാലാവധി തികയുന്നതിന് മുൻപ് കണ്ണടച്ചത്.
അടിമാലി ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ വിളക്കിൽ മാലിന്യപ്പെട്ടി സ്ഥാപിച്ചിരിക്കുന്നു
അടിമാലി ടൗൺ സൗന്ദര്യവത്കരരണത്തിന്റെ ഭാഗമായി ടൗണിലെമ്പാടും സോളാർ വൈദ്യുതി വിളക്കും അതിൽ പൂച്ചെടിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ബിന്നുകളും സ്ഥാപിച്ചിരുന്നു. പ്ലാസ്റ്റിക് പഞ്ചായത്ത് തന്നെ നീക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പഞ്ചായത്ത് തിരിഞ്ഞ് നോക്കാതായതോടെ ഓരോ സോളാർ വിളക്കുകളും മാലിന്യ വാഹിനി ആയി മാറി.
കൂടാതെ ചെടികൾ കരിഞ്ഞ് ഉണങ്ങി നശിക്കുകയും ചെയ്തു. ഇതോടെ ലക്ഷങ്ങൾ മുടക്കി ഈ ഭരണസമിതി നടപ്പാക്കിയ ടൗൺ സൗന്ദര്യ പദ്ധതിയും പാഴായി. ചിലയിടങ്ങളിൽ മാത്രം ചില വിളക്കുകൾ പ്രകാശിച്ചാലായി. എന്നാൽ, പകൽ പോലും കെടാത്ത വിളക്കുകളുമുണ്ട്. റോഡിന് ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങൾ രാത്രി 10 മണിയോടെ അടയ്ക്കുമ്പോൾ ടൗൺ പൂർണമായി ഇരുട്ടിലാകുന്നു.
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത് അടിമാലിയാണ്. എന്നാൽ, ഒറ്റയൊരെണ്ണത്തിലും എല്ലാ ബൾബുകളും പ്രകാശിക്കുന്നില്ല. പലതിലും ഒന്നോ രണ്ടോ എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, വൈദ്യുതി ബോർഡിന് ബിൽ ഇനത്തിൽ പ്രതിമാസം നൽകുന്ന ആയിരങ്ങൾക്ക് യാതൊരു കുറവുമില്ല. തെളിയാത്ത വിളക്കുകൾക്ക് എന്തിന് വൈദ്യുതി ബിൽ നൽകണമെന്ന ചോദ്യത്തിന് മൗനമാണ് അധികൃതരുടെ മറുപടി. അതുപോലെ ഇടക്കിടെ വൈദ്യുതി വിളക്കുകൾ കണ്ണടക്കാറുമുണ്ട്. വിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സംവിധാനങ്ങളിലെ സാങ്കേതിക തകരാറാകാമെന്നും പരിശോധിച്ച് പരിഹരിക്കുമെന്നുമാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

