നേന്ത്രക്കായ വില വർധന; കർഷകർക്ക് ആശ്വാസം
text_fieldsതൊടുപുഴ: നേന്ത്രക്കായ വിലയിലുണ്ടായ വർധന കർഷകർക്ക് ആശ്വാസമായി. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് വില ഉയര്‍ന്നു തുടങ്ങിയത്. വെള്ളപ്പൊക്കത്തിലും മറ്റും കൃഷി നശിച്ചതും സീസണ് അവസാനിച്ചതുമാണ് നേന്ത്രക്കായ വരവ് കുറയാന്‍ കാരണം.
കിലോ 68 രൂപയാണ് തൊടുപുഴ മാര്‍ക്കറ്റില്‍ നേന്ത്രക്കായയുടെ മൊത്ത വില. കടകളില്‍ എത്തുമ്പോള്‍ പച്ചക്കായ പോലും കിലോ 70 മുതല്‍ 75 രൂപ വരെ കൊടുക്കണം.
പൊതു വിപണിയില്‍ ഏത്തപ്പഴം കിലോ 80 മുതല്‍ 90 രൂപ വരെയാണ് വില. നല്ലയിനം കായാണെങ്കില്‍ 100 രൂപ വരെയാണ് വില. വി.എഫ്.പി.സി.കെയുടെ കര്‍ഷക വിപണികളില്‍ കര്‍ഷകര്‍ എത്തിക്കുന്ന നേന്ത്രക്കുലകള്‍ക്ക് കിലോ 60 മുതല്‍ 62 വരെ വില ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, നാഗര്‍കോവില്‍, കര്‍ണാടകയിലെ മൈസൂര്‍, കേരളത്തിലെ വയനാട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപകമായി ഏത്തക്കുലകള്‍ എത്തിച്ചിരുന്നത്. ഇവിടെയെല്ലാം ഉൽപാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. പ്രകൃതിക്ഷോഭമാണ് കൃഷിക്ക് വിനയായത്. മേട്ടുപ്പാളയത്തു നിന്ന് കുലകള്‍ എത്തുന്നുണ്ടെങ്കിലും വരവു കുറഞ്ഞതിനാല്‍ കൂടുതല്‍ വില നല്‍കേണ്ടിവരുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ഏത്തക്കുലകളുടെ വരവ് കുറഞ്ഞതിനു പിന്നാലെ കൃഷി ചെയ്യാനുള്ള വാഴവിത്തുകളുടെ വരവും ഗണ്യമായി കുറഞ്ഞു. വാഴകൃഷി സീസണ് ആരംഭിക്കുന്നതിനു മുന്നോടിയായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വാഴവിത്തുകളാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയിരുന്നത്. എന്നാല്‍, വാഴകൃഷി വന്‍തോതില്‍ നശിച്ചതോടെ വിത്ത് വരവും കുറഞ്ഞു. 18 മുതല്‍ 20 രൂപ വരെയാണ് വിപണിയില്‍ വാഴവിത്തുകളുടെ വില.
വാഴകൃഷിയിൽനിന്ന് പലരും പിന്തിരിഞ്ഞു
ജില്ലയിൽ നേരത്തെ വാഴകൃഷി ചെയ്തു വന്നിരുന്നെങ്കിലും ഇപ്പോള്‍ കര്‍ഷകര്‍ ഇതില്‍നിന്ന് പിന്നാക്കം പോകുന്ന അവസ്ഥയാണ്. പലപ്പോഴും പ്രതികൂല കാലാവസ്ഥ മൂലം കൃഷി നശിക്കുന്നതും നഷ്ടപരിഹാര തുക ലഭിക്കാന്‍ വൈകുന്നതും പരമ്പരാഗത കര്‍ഷകരെ വാഴകൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നു. 369 ഹെക്ടര്‍ സ്ഥലത്തെ 6,43,678 വാഴയാണ് കഴിഞ്ഞവര്‍ഷം കാറ്റിലും മഴയിലും വരള്‍ച്ചയിലും നശിച്ചത്. 2925 കര്‍ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച് ചെയ്ത കൃഷിയാണ് വ്യാപാകമായി നശിച്ചത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും കൃഷിനാശം പതിവായതോടെ വാഴകൃഷിയുടെ വ്യാപനം കുറഞ്ഞു. വിലയില്‍ ഉയര്‍ച്ചയുണ്ടായതോടെ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ വാഴ കൃഷിയിലേക്ക് തിരിയുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, പ്രധാന സീസണായ ഓണക്കാലത്ത് ഏത്തക്കായകള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയില്ല. കഴിഞ്ഞ ഓണക്കാലത്ത് കര്‍ഷകര്‍ക്ക് തിരിച്ചടി നല്കി ഏത്തക്കായ വില കുത്തനെ കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

