അപകട മുനമ്പായി നെല്ലാപ്പാറ വളവ്
text_fieldsനെല്ലാപ്പാറയിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടം
തൊടുപുഴ: അപകടങ്ങള്‍ ഒഴിയാതെ തൊടുപുഴ-പാലാ റൂട്ടിലെ നെല്ലാപ്പാറ വളവ്. അപകടങ്ങളുടെ എണ്ണം കൂടുന്നതിനാല്‍ അടിയന്തരമായി പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും മെല്ലെപ്പോക്ക് തുടരുകയാണ്.
ശനിയാഴ്ച ചരക്ക് ലോറിയും തിങ്കളാഴ്ച റോഡ് റോളർ കയറ്റി വന്ന ലോറിയും നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടിന് വളവ് തിരിയുന്നതിനിടെ ലോറി മരത്തിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റൂട്ടാണ് തൊടുപുഴ-പാല സംസ്ഥാനപാത. ഈ റൂട്ടിലെ പതിവ് അപകട സ്ഥലമാണ് നെല്ലാപ്പാറ. കുത്തനെയുള്ള കയറ്റിറക്കവും വളവുമുള്ള ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവ് കാഴ്ചയാണ്.
ആധുനിക രീതിയില്‍ കെ.എസ്.ടി.പി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് പുറമെ വാഹനങ്ങളുടെ അമിതവേഗം, മഴക്കാലത്ത് റോഡിലെ വഴുക്കല്‍, റോഡിന്റെ വശങ്ങളിലേക്കുള്ള ചെരിവ് മൂലമുണ്ടാകുന്ന വലിയ വാഹനങ്ങളില്‍നിന്നുള്ള ഓയില്‍ ചോര്‍ച്ച തുടങ്ങി നിരവധി കാരണങ്ങളാലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതുള്‍പ്പെടെയുള്ള റിഫ്ലക്ടറുകൾ. സൂചനാ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുകയും വെളിച്ച സംവിധാനമേര്‍പ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യം ഏറെക്കാലമായി നില നില്‍ക്കുന്നുണ്ട്. ഇതിനിടെ പതിവായുണ്ടാകുന്ന അപകടം ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കാനായി നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിങ്ങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നെല്ലാപ്പാറ വളവ് സന്ദര്‍ശിച്ചിരുന്നു.
അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രദേശത്ത് റിഫ്ളക്ടറുകളും ക്രാഷ് ബാരിയറുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കുമെന്നും നാറ്റ് പാക് സംഘം അറിയിച്ചു. അപകടങ്ങൾ ആവർത്തിക്കുന്നത് ഇതു വഴിയുള്ള വാഹന യാത്രികരെയും ആശങ്കയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

