35 വർഷത്തിനിടെ ക്ഷാമബത്ത വർധന രണ്ട് പൈസ മാത്രം; ഇനിയും ഈ വഞ്ചന അനുവദിക്കാനാകില്ല
text_fieldsതൊടുപുഴ: തോട്ടം മേഖലയിലെ തൊഴിലാളികൾ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ചൂഷണത്തിൽനിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബോധവത്കരണ-വിശദീകരണ പരിപാടി സംഘടിപ്പിക്കുന്നു. പ്ലാന്റേഷൻ മേഖലയിൽ 35 വർഷത്തിനിടെ ക്ഷാമബത്ത വെറും രണ്ട് പൈസ മാത്രം വർധിച്ച സാഹചര്യത്തിലാണ് മൂന്നാറിൽ വിശദീകരണ യോഗം നടക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് മൂന്നാർ ആർ.സി ചർച്ച് വി.എസ്.എസ്.എസ് ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടക സമിതിക്ക് വേണ്ടി ഐ. കരീം, സി. രാമർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. അതിജീവന പോരാട്ട വേദി റസാഖ് ചൂരവേലിൽ അധ്യക്ഷത വഹിക്കും. ഹൈകോടതി അഭിഭാഷകൻ അഡ്വ. വി.വി. സുരേഷ്, വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ബേബി, ഫാ. അഗസ്റ്റിൻ വട്ടോളി തുടങ്ങിയവർ സംസാരിക്കും.
50 വർഷമായി 87 തൊഴിൽ മേഖലകളിൽ 86 എണ്ണത്തിലും വ്യവസ്ഥാപിതമായി ക്ഷാമബത്ത നൽകുമ്പോൾ തോട്ടം തൊഴിലാളികൾ മാത്രം നിരന്തരം കബളിപ്പിക്കപ്പെടുകയാണെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. പ്ലാന്റേഷൻ മേഖലയിൽ 35 വർഷത്തിനിടെ രണ്ട് പൈസ മാത്രമാണ് ക്ഷാമബത്ത വർധിച്ചത്. തൊഴിലാളി സംഘടനകൾ അടക്കം കൂട്ടുനിന്ന് ക്ഷാമബത്ത വർധന തടയുകയാണെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് തൊഴിൽ മേഖലകളിലേത് പോലെ അർഹമായ ക്ഷാമബത്ത തോട്ടം തൊഴിലാളികൾക്കും വേണമെന്ന ആവശ്യം വർഷങ്ങളായി ഉയർത്തുന്നത്.
നിലവിൽ 133 രൂപ ക്ഷാമബത്ത അടക്കം 494 രൂപയാണ് ഒരു തൊഴിലാളിക്ക് പ്രതിദിന കൂലി ലഭിക്കുന്നത്. മറ്റ് വിഭാഗങ്ങളിലെല്ലാം ഒരു പോയന്റിന് 73 രൂപ ക്ഷാമബത്ത ലഭിക്കുമ്പോൾ തോട്ടം മേഖലയിൽ 1.15 പൈസ മാത്രമാണെന്നും അവർ കുറ്റപ്പെടുത്തി. 1990ൽ 4.50 പൈസയായിരുന്ന ക്ഷാമബത്ത അഞ്ച് പൈസയായും 1996ൽ ആറ് പൈസയായും 2008ൽ 6.50 പൈസയായും 2016ൽ ഏഴ് പൈസയായും മാത്രമാണ് വർധിച്ചത്. ഈ കാലയളവിൽ ആകെ രണ്ട് പൈസയുടെ വർധനയാണ് ഉണ്ടായതെന്നും ഐ. കരീമും സി. രാമറും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.