ജപ്തി നടപടിക്കെതിരെ എം.പിയുടെ സത്യഗ്രഹം നാളെ
text_fieldsഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: ജപ്തി നടപടി നിർത്തിവെക്കുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കി വായ്പ തിരിച്ചടവിന് ഒരു വര്‍ഷത്തെയെങ്കിലും സാവകാശം അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ബുധനാഴ്ച രാവിലെ 10 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തും.
മൂന്നുവർഷത്തിലേറെയായി പ്രളയവും പ്രകൃതിക്ഷോഭവും കോവിഡും മൂലം ജില്ലയിലെ കർഷകരും ചെറുകിട കച്ചവടക്കാരും മറ്റ് ജനങ്ങളും പ്രതിസന്ധിയിലാണ്. 2022 മാര്‍ച്ച് 31 വരെ സർക്കാർ ജപ്തി നടപടി നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ടെങ്കിലും കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വിദ്യാർഥികളുടെയും വായ്പ കുടിശ്ശികകൾക്ക് ജപ്തി നടപടി സ്വീകരിക്കുന്നതിന് കേരള ബാങ്ക് ഉൾപ്പെടെ സഹകരണ ബാങ്കുകളും മറ്റ് പൊതുമേഖല ഷെഡ്യൂൾഡ് ബാങ്കുകളും തുടർച്ചയായി നോട്ടീസ് നല്‍കുകയും വീട്ടിലെത്തി തിരിച്ചടവിന് സമ്മർദം ചെലുത്തുകയുമാണ്.
വിഷയം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയും വിവിധ ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും സർക്കാർ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു.