വാഹനമില്ലാതെ കിതച്ച് മോട്ടോർ വാഹന വകുപ്പ്
text_fieldsതൊടുപുഴ: വകുപ്പിന്റെ പേരിനൊപ്പം ചേർത്തുവായിക്കുമ്പോൾ വാഹനമുണ്ടെങ്കിലും ഓഫിസുകളിൽ അതില്ലാത്തതിന്റെ പ്രയാസത്തിലാണ് മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ നാല് സബ് ഓഫിസുകളാണ് സ്വന്തമായി വാഹനമില്ലാതെ വലയുന്നത്; തൊടുപുഴ, ദേവികുളം, നെടുങ്കണ്ടം, പീരുമേട് എന്നിവ.
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തുകളിൽനിന്ന് പിൻവലിക്കണമെന്ന നിയമം നിലവിൽ വന്നതോടെ സബ് ഓഫിസുകളിലെ ബൊലേറോ ജീപ്പുകൾ തിരിച്ചയക്കുകയായിരുന്നു.
വാഹനങ്ങൾ തിരികെ നൽകി മാസങ്ങളായിട്ടും പുതിയ വാഹനങ്ങൾ ലഭ്യമായിട്ടില്ല. വാഹനാപകടങ്ങൾ ഉണ്ടായാൽ പരിശോധനാ റിപ്പോർട്ട് നൽകുന്നതിന് അടിയന്തരമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തണം. എന്നാൽ, പലപ്പോഴും വാഹനമില്ലാത്തതു മൂലം സമയത്ത് അപകട സ്ഥലത്തെത്താൻ അധികൃതർക്ക് കഴിയാറില്ല. ബസുകളിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് ഉദ്യോഗസ്ഥർ ഇപ്പോൾ സ്ഥലത്തെത്തുന്നത്.
ഇതിനു പുറമെ ആഴ്ചയിൽ രണ്ടുവീതം ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, വാഹന പരിശോധന, സ്കൂൾ വാഹന പരിശോധന, പൊല്യൂഷൻ സെന്റർ പരിശോധന, ബസ് റൂട്ട് പരിശോധന എന്നിവയെല്ലാം നടത്തണം.
ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വെല്ലുവിളി
എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനമാണ് അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നത്. ജോയന്റ് ആർ.ടി.ഒക്ക് പുറമെ രണ്ട് എം.വി.ഐമാർ, മൂന്ന് എ.എം.വി.ഐമാർ എന്നിവരാണ് വാഹന പരിശോധനകൾക്കും മറ്റുമുള്ളത്. എം.വി.ഐമാരും എ.എം.വി.ഐമാരുമാണ് ഫീൽഡ് പരിശോധനകൾക്കായി പോകേണ്ടത്.
നിലവിൽ സ്വന്തം വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് ഇവർ ഇത്തരം പരിശോധനകൾക്കായി പോകുന്നത്. അതേസമയം, വകുപ്പ് വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും ഈ മാസത്തോടെ ജില്ലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ വിസ്തൃതമായ മേഖലയാണ് തൊടുപുഴ, ദേവികുളം, നെടുങ്കണ്ടം, പീരുമേട് എന്നീ നാല് സബ് ആർ.ടി.ഒ ഓഫിസുകളുടെയും. ജില്ലയിൽ ഏറ്റവും തിരക്കുള്ള സബ് ഓഫിസാണ് തൊടുപുഴയിലേത്. ഒന്നര വർഷത്തോളമായി ഇവിടെ വാഹനമില്ലാത്ത സ്ഥിതിയാണ്. ദേവികുളം സബ് ഓഫിസിനും വളരെ വിസ്തൃതമായ പരിധിയാണുള്ളത്. നേര്യമംഗലം മുതൽ സംസ്ഥാന അതിർത്തിയായ ചിന്നാർ വരെയാണ് ഇവരുടെ പ്രവർത്തന മേഖല. മാങ്കുളം, ബൈസൺവാലി, ഇടമലക്കുടി പോലെ ഉൾനാടൻ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടും. മലയോര പാതകളിലാകട്ടെ പലപ്പോഴും അപകടങ്ങളും പതിവാണ്. ടൂറിസം മേഖലയായതിനാൽ ഇതു സംബന്ധിച്ച പരിശോധനകളും നടത്തണം.
പീരുമേട്, നെടുങ്കണ്ടം ഓഫിസുകൾക്ക് കീഴിൽ ഏറെ ദൂരെ സ്ഥിതിചെയ്യുന്ന തോട്ടം മേഖലകളുമുണ്ട്. ഇവിടെയെല്ലാം എത്തിച്ചേരാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.