ഒ.പി ചീട്ട് ദുരുപയോഗം: പിന്നിൽ പ്രത്യേക സംഘം
text_fieldsതൊടുപുഴ: ജില്ല ആശുപത്രിയിലെ ഒ.പി ചീട്ട് ദുരുപയോഗം ചെയ്ത് മരുന്ന് വാങ്ങുന്ന സംഭവത്തിന് പിന്നിൽ ലഹരിയടങ്ങുന്ന മരുന്നുകൾ കൈകാര്യം ചെയ്യുന്ന സംഘമെന്ന് പൊലീസ്. സംഭവത്തിൽ തൊടുപുഴ പൊലീസ് സബ് ഡിവിഷനിലെ ഏഴ് സ്റ്റേഷൻ പരിധിയിലെ മെഡിക്കൽ സ്റ്റോറുകൾക്കും ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും ജനമൈത്രി ബീറ്റ് ഓഫിസർമാർ മുഖേന നോട്ടീസ് നൽകിത്തുടങ്ങി. യുവാക്കൾക്കിടയിലെ അപകടകരമായ ലഹരി വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകുന്നത്. മെഡിക്കൽ രംഗത്തെ ആളുകളിൽനിന്ന് സഹകരണം പ്രതീക്ഷിച്ച് പൊലീസിൽനിന്നുള്ള ആദ്യ നീക്കമാണിത്.
കുറിപ്പടിയുമായി ചില പ്രത്യേക മരുന്നുകൾക്കായി സംശയാസ്പദ സാഹചര്യത്തിൽ കൗമാരക്കാരോ യുവതീയുവാക്കളോ എത്തിയാൽ മരുന്ന് കുറിച്ച ഡോക്ടറുമായോ ആശുപത്രി ഡിസ്പെൻസറിയുമായോ ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്കുള്ള മുന്നറിയിപ്പ് നോട്ടീസിൽ പറയുന്നു. ഇങ്ങനെ എത്തുന്നവരുടെ ഫോൺ നമ്പർ ശേഖരിക്കുകയും അവരുടെ ഫോട്ടോ മെബൈൽ ഫോണിലോ സി.സി ടി.വിയിലോ കൃത്യമായി പതിയുന്ന തരത്തിൽ എടുക്കുകയും തുടർന്ന് വിവരം തൊടുപുഴ ഡിവൈ.എസ്.പിയെ അറിയിക്കുകയും ചെയ്യണം.
വിവരങ്ങൾ നൽകുന്ന മെഡിക്കൽ സ്റ്റോറുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കൂടാതെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ ലെറ്റർ പാഡും ആശുപത്രി സീലും ഉത്തരവാദിത്തത്തിൽപെട്ട ജീവനക്കാർതന്നെ സൂക്ഷിക്കണം. രോഗികൾ ഡോക്ടറെ കാണാതെ ഒ.പി ചീട്ടുമായി പോകുന്നുണ്ടോ എന്നും വ്യാജ രോഗാവസ്ഥ പറഞ്ഞ് ഇത്തരം മരുന്നുകൾ വാങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും ആശുപത്രികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ 9497990059 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു അഭ്യർഥിച്ചു. ആശുപത്രി കേന്ദ്രീകരിച്ച് വ്യാജ പേരില്‍ ഒ.പി ടിക്കറ്റെടുത്ത ശേഷം മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങാനെത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മരുന്ന് വാങ്ങാനെത്തിയ യുവാവിനെ കൈയോടെ പിടികൂടിയെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാൾ ആശുപത്രി ജീവനക്കാരെ വെട്ടിച്ച് കടന്നുകളഞ്ഞു. ഒ.പിയില്‍ നിറയെ രോഗികള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഇവർ തട്ടിപ്പിനെത്തുന്നത്.
വ്യാജ പേരില്‍ കൗണ്ടറില്‍നിന്ന് ഒ.പി ടിക്കറ്റ് കരസ്ഥമാക്കുകയും തുടര്‍ന്ന് ഡോക്ടർമാരെ കാണാനെന്ന വ്യാജേന രോഗികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് മാറിയ ശേഷം ഇവിടെനിന്ന് മുങ്ങുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇതേ ഒ.പി ടിക്കറ്റില്‍ ഇവര്‍ തന്നെ ചില മരുന്നുകള്‍ എഴുതിച്ചേര്‍ക്കും. ഇതുമായി മെഡിക്കല്‍ സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങും. ഇത്തരം സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.