സിലിണ്ടറുകളുടെ ദുരുപയോഗം: കർശന നടപടിക്ക് നിർദേശം
text_fieldsതൊടുപുഴ: ഗാർഹിക പാചകവാതക സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി അധികൃതർ. വരും ദിവസങ്ങളിൽ താലൂക്കടിസ്ഥാനത്തിൽ കർശന പരിശോധന നടത്തുമെന്ന് സപ്ലൈ ഓഫിസർ പറഞ്ഞു. പൊതുവിതരണം, പൊലീസ്, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് രൂപവത്കരിച്ച് താലൂക്ക് തലത്തിൽ ക്രമക്കേട് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. സംയുക്ത സ്ക്വാഡ് പരിശോധന നടത്തി ഗാർഹിക പാചക വാതക സിലിണ്ടർ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ജില്ലയിൽ പലയിടത്തും പാചകവാതക വിതരണത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നെങ്കിൽ വലിയ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മുൻകൂട്ടി ബുക്ക് ചെയ്ത് 45 ദിവസത്തിലധികം പിന്നിട്ടിട്ടും സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഡിജിറ്റൽ സംവിധാനങ്ങൾ വഴി കൃത്യമായി ബുക്കിങ്ങും തുകയും സ്വീകരിക്കുന്ന ഏജൻസികൾ, വിതരണത്തിന്റെ കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ജില്ലയിൽ ഹൈറേഞ്ച് ലോറേഞ്ച് മേഖലകളിലെല്ലാം ഈ പ്രശ്നം നിലനിൽക്കുന്നു. 45 ദിവസം കഴിഞ്ഞ് പാചകവാതകം നൽകുമെന്ന മുൻകൂർ അറിയിപ്പ് പോലും പലയിടത്തും പാലിക്കപ്പെടുന്നില്ല. നഗരപ്രദേശങ്ങളിൽ വിതരണം താരതമ്യേന സുഗമമായി നടക്കുമ്പോഴാണ് ഗ്രാമീണ മേഖലകളോട് ഈ അവഗണനയെന്ന് ആക്ഷേപമുണ്ട്.
പാചകവാതക പ്രതിസന്ധി നേരിട്ടുതുടങ്ങിയതോടെ ഏജൻസികൾ ബുക്കിങ് അടക്കമുള്ള കാര്യങ്ങളിൽ നിബന്ധനകൾ കർശനമായി പാലിച്ച് തുടങ്ങിയിട്ടുണ്ട്. ബുക്കിങ്, കെ.വൈ.സി നടപടികൾ എന്നിവയെല്ലാം പാലിച്ചേ വിതരണം നടത്താനാകൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഹൈറേഞ്ച് മേഖലകളെ സംബന്ധിച്ച് ഇത് പലപ്പോഴും പ്രായോഗികമല്ല. ഫോണിലേക്കുള്ള മെസേജുകളൊന്നും കൃത്യമായി വരാത്തതും ഉപഭോക്താക്കൾ ചോദ്യംചെയ്യുന്നു.
ജില്ലയിലെ ഭൂപ്രകൃതിയുടെ പ്രത്യേകതയും പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇത് പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്‍റുമായി ജില്ല സപ്ലൈ ഓഫിസർ ബന്ധപ്പെട്ട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി സുതാര്യത ഉറപ്പാക്കാൻ നിർദേശം നൽകി. ഇത് കൂടാതെ കെ-സ്റ്റോറുകളിൽ വഴി പാചകവാതക വിതരണം പൂർവ സ്ഥിതിയിലാക്കാൻ കഴിയുമോ എന്നും പരിശോധിച്ചുവരുകയാണെന്നും സപ്ലൈ ഓഫിസർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

