ഇടുക്കി മെഡിക്കല്‍ കോളജ്: 100 എം.ബി.ബി.എസ് സീറ്റുകളിലേക്ക് പ്രവേശനം 22ന് തുടങ്ങും
text_fieldsrepresentational image
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം നവംബര്‍ 15ന് ജില്ലയുടെതന്നെ ആഘോഷമാക്കാന്‍ തീരുമാനം. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോസ്പിറ്റല്‍ വികസന സൊസൈറ്റി യോഗത്തിലാണ് തീരുമാനം.
ഗവ. മെഡിക്കല്‍ കോളജില്‍ ദേശീയ മെഡിക്കല്‍ കമീഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 22ന് ആരംഭിക്കും. കുട്ടികള്‍ക്കുള്ള താമസം, യാത്ര, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ലഭ്യമായ സൗകര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യുകയും പോരായ്മകള്‍ പരിഹരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രവേശനോത്സവ ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ ആറുമാസം എടുക്കും. താല്‍ക്കാലികമായി ആണ്‍കുട്ടികളുടെ താമസത്തിന് പി.ഡബ്ല്യു.ഡിയുടെ 10 ക്വാര്‍ട്ടേഴ്സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഗിരിറാണി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ യാത്രക്ക് ഒരു ബസ് മാത്രമാണുള്ളത്. ഇതിനായി പൈനാവ് മോഡല്‍ പോളിടെക്നിക്കിലേക്ക് എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച ബസ് കൂടി ഉപയോഗിക്കും. മറ്റൊരു ബസുകൂടി എം.എല്‍.എ ഫണ്ടില്‍നിന്ന് ഉടന്‍ നല്‍കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. ആവശ്യമെങ്കില്‍ കെ.എസ്.ആര്.ടി.സി ബസും വാടകക്കെടുക്കും.
മെഡിക്കല്‍ കോളജ് ബസ്സ്റ്റോപ് പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ജങ്ഷനായി വികസിപ്പിക്കും. ഭാവിയില്‍ ചെറുതോണി മുതല്‍ മെഡിക്കല്‍ കോളജ് ജങ്ഷന്‍വരെ ടൗണ്‍ഷിപ് ഒരുക്കും. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി എടുക്കും.
അധികമായി വേണ്ടിവരുന്ന വെള്ളത്തിന് നിലവിലെ ടാങ്ക് കൂടാതെ പ്രദേശത്ത് ലഭ്യമായ ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ടാങ്കിലേക്ക് വാട്ടര്‍ അതോറിറ്റി ഉടന്‍ കണക്ഷന് നല്‍കും. ഇതിനാവശ്യമായ പണവും എം.എല്‍.എ ഫണ്ടിൽനിന്ന് നല്‍കും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നവംബര്‍ മൂന്നിന് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും.
പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റികള്‍ അന്ന് രൂപവത്കരിക്കും. 27ന് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കില്‍നിന്ന് പ്രിന്‍സിപ്പല്‍ ഓഫിസുവരെ റോഡ് സജ്ജമാക്കും. യോഗത്തിൽ പ്രിന്‍സിപ്പല്‍ ഡോ. ഡി. മീന ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് ആമുഖം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

