മാട്ടുപ്പൊങ്കൽ മാസം...
text_fieldsഅളങ്കാനല്ലൂർ ജെല്ലിക്കെട്ടിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)
തൊടുപുഴ: തമിഴകവും അതിർത്തി ഗ്രാമങ്ങളും മാട്ടുപൊങ്കലിനുള്ള ഒരുക്കത്തിലാണ്. തമിഴ്നാട്ടിലും അതിര്‍ത്തിഗ്രാമങ്ങളിലും സമൃദ്ധിയുടെയും കാര്‍ഷിക വിളവെടുപ്പിന്റെയും വരവറിയിച്ച് പൊങ്കല്‍ ആഘോഷങ്ങള്‍ നടക്കുന്ന ദിനങ്ങളാണിത്. കാര്‍ഷിക സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വർണങ്ങളുടെയും സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ഹരിതാഭമായ സംഗമ ആഘോഷമാണ് തമിഴ് ജനതക്ക് പൊങ്കല്‍. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് തമിഴകത്തിന്റെ വീരവിളയാട്ടായ ജെല്ലിക്കെട്ട് നാലായിരത്തോളം ഗ്രാമങ്ങളിൽ നടക്കുന്നത്. ലോകപ്രശസ്ത ജെല്ലിക്കെട്ടുകളായ ആവണിയാപുരം ജെല്ലിക്കെട്ട് ഈമാസം14 നും പാലമേട് 15 നും അളങ്കാനല്ലൂർ 16 നും നടക്കും.
മാട്ടുപ്പൊങ്കൽ പിറന്നതോടെ സിനിമാ താരങ്ങൾക്ക് പകരം, ചുമരുകളിൽ ഇവരെല്ലാമാണ് തമിഴ്നാടിന്റെ താരങ്ങൾ. നാലാൾ കൂടുന്നിടത്തെല്ലാം ജെല്ലിക്കെട്ടും മാടുവിശേഷങ്ങളും മാത്രം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ നടക്കുന്ന പരമ്പരാഗത കായികവിനോദം മാത്രമല്ല ജെല്ലിക്കെട്ട്, അത് തമിഴ് ജനതയുടെ വികാരമാണ്. ഓരോ വർഷവും ജനുവരിയിൽ പൊങ്കൽ ആഘോഷത്തോടെ തുടക്കമിടുന്ന ജെല്ലിക്കെട്ട് ഉത്സവം ജൂൺ വരെ തുടരും.
പിടിച്ചുതൂങ്ങാൻ മത്സരാർഥിയും കുടഞ്ഞുവീഴ്ത്താൻ കാളയും
മൂന്നുതരം ജെല്ലിക്കെട്ടുകളാണ് പ്രധാനമായുമുള്ളത്. തുറന്ന മൈതാനത്തേക്ക് ഒന്നിലധികം കാളകളെ ഒരേസമയം ഇറക്കിവിടുന്ന രീതിയും കാത്തുനിൽക്കുന്ന വീരൻമാർക്ക് മുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതുമാണ് വ്യാപകമായി നടക്കുന്നത്. നീണ്ടവടത്തിൽ കാളയെ കെട്ടിയിട്ട് ഏഴംഗസംഘം കീഴ്പ്പെടുത്തുന്ന മത്സരവുമുണ്ട്.
ഇതിൽ യുവാക്കൾക്ക് മുന്നിലേക്ക് ഇടുങ്ങിയ വഴിയിലൂടെ കാള പുറത്തുവരുന്നതാണ് അളങ്കനല്ലൂർ ജെല്ലിക്കെട്ടിന്റെ രീതി. മുനിയാണ്ടിക്കോവിലുമായി ബന്ധപ്പെടുന്നതാണ് അളങ്കനല്ലൂരിലെ ജെല്ലിക്കെട്ട്.
കോവിലിലെ കൂറ്റൻ ശില്പത്തിന്റെ ദൃഷ്ടി പതിയുന്നിടത്ത് നിന്നാണ് മത്സരത്തിനായി കാളകളിറങ്ങുക. മത്സരം നടക്കുന്ന സ്ഥലം ചകിരിച്ചോറും പൂഴിയുമുപയോഗിച്ച് നിറയ്ക്കും. ജെല്ലിക്കെട്ടിന് ആദ്യമായി കളത്തിലിറങ്ങുന്നത് ക്ഷേത്രക്കാളയാണ്. അതിനെ ആരും പിടിക്കില്ല. ക്ഷേത്രക്കാളയെ വണങ്ങി പ്രാർഥിച്ചാണ് മത്സരം തുടങ്ങുക. കാളയിറങ്ങുന്ന ഇടുങ്ങിയ വഴിക്ക് വാടിവാസലെന്നാണ് പറയുക.
മുന്നിലേക്കെത്തുന്നവരെ കുതറിത്തെറിപ്പിക്കാനായുള്ള കാളക്കൂറ്റന്റെ വരവും മരണം മറന്ന് കാളക്ക് മുന്നിലേക്ക് എടുത്തുചാടുന്ന വീരന്മാരും കാണികളിൽ രോമാഞ്ചമുണ്ടാക്കും.
കലിപൂണ്ട് കുതറിയോടുന്ന കാളയുടെ മുതുകിൽ പിടിച്ച് നിശ്ചിതദൂരം വീഴാതെ തൂങ്ങിപ്പോകുന്നവനാണ് വിജയി. വീഴാതെ പിടിച്ചുതൂങ്ങാൻ മത്സരാർഥിയും കുടഞ്ഞുവീഴ്ത്താൻ കാളയും ശ്രമിക്കുന്നിടത്താണ് ജെല്ലിക്കെട്ടിന്റെ ഹരം. മത്സരക്കാളയുടെ വാലിലും കൊമ്പിലും പിടിക്കരുതെന്നും ആയുധങ്ങൾ ഉപയോഗിച്ച് വേദനിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും നിയമമുണ്ട്.
വീരന്മാർക്ക് തൊടാൻ പോലും കിട്ടാത്ത കാളയാണ് വീരമാട്. മത്സരാർഥികൾ പിടിച്ചുകെട്ടുന്നത് പിടിമാടാണ്. വീരമാടിന്റെ ഉടമസ്ഥനും പിടിമാടിനെ പിടിച്ചുകെട്ടുന്ന വീരനുമപ്പോൾ തന്നെ സമ്മാനം കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

