തൊടുപുഴ: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കമ്പികൊണ്ട് കുത്തി പരിക്കേൽപിച്ചയാൾ പിടിയിൽ. പെരിങ്ങാശ്ശേരി സ്വദേശി രഞ്ജീഷ് രാജുവിനാണ് (34) കുത്തേറ്റത്. സംഭവത്തിൽ അടിമാലി സ്വദേശി ബിബിനെ (ഋഷി-32) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അർധ രാത്രിയോടെ തൊടുപുഴ നഗരസഭ ടൗൺഹാൾ കെട്ടിടത്തിലാണ് സംഭവം.
ലഹരിക്കടിമകളായ സാമൂഹികവിരുദ്ധർ ടൗൺഹാൾ കെട്ടിടത്തിൽ തമ്പടിക്കുന്നതും പരസ്പരം വഴക്കിടുന്നതും പതിവാണ്.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രഞ്ജീഷും ബിബിനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ബിബിൻ സമീപത്തുകിടന്ന കമ്പിയെടുത്ത് രഞ്ജീഷിെൻറ പുറത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തു. രഞ്ജീഷിനെ കുത്തിയശേഷം ബിബിനാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിലെത്തി ആംബുലൻസ് ഡ്രൈവർമാരോട് വിവരം പറഞ്ഞത്.
ഈ മാസം ആദ്യം ടൗൺഹാളിന് സമീപത്തെ ബസ് സ്റ്റോപ്പിൽവെച്ച് നഗരത്തിൽ അലഞ്ഞുതിരിയുന്ന സ്ത്രീയുടെ ആക്രമണത്തിൽ രക്തം വാർന്ന് ഉടുമ്പന്നൂർ സ്വദേശി മരിച്ചിരുന്നു. സംഭവത്തിൽ പ്രതിയായ സെലീന എന്ന സ്ത്രീയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു