മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി
text_fieldsതൊടുപുഴ: മലങ്കര ജലാശയത്തിൽനിന്ന് കോട്ടയം ജില്ലയിലെ 13 പഞ്ചായത്തില്‍ കുടിവെള്ളം എത്തിക്കുന്ന മലങ്കര- മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റ്യന്‍ അറിയിച്ചു. 1250 കോടിയുടെ പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ കുടിവെള്ളം ലഭ്യമാകും. നീലൂരില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയില്‍നിന്ന് പ്രതിദിനം 40 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി.
1998ല്‍ അന്നത്തെ മന്ത്രിയായിരുന്ന കെ.എം. മാണിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്തതാണ് പദ്ധതി. ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമി ഇതിനായി ഏറ്റെടുത്തിരുന്നു.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധിമൂലം പദ്ധതി നീണ്ടു. കുടിവെള്ള ക്ഷാമം നേരിടുന്ന 13 പഞ്ചായത്തില്‍ ജൽ ജീവന് മിഷനിലൂടെ പദ്ധതി നടപ്പാക്കാനാണ് നീക്കം. മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചില്‍, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഈ പദ്ധതിക്ക് ബദലായി കൂറ്റനാല്‍ കടവിലും കളരിയാമാക്കലിലും മീനച്ചിലാറിന് കുറുകെ ചെക്ക് ഡാമുകള്‍ നിര്‍മിച്ച് മൂന്നു പദ്ധതികളായി മറ്റൊരു പദ്ധതി പരിഗണിച്ചിരുന്നു. എന്നാല്‍, മീനച്ചിലാറിലെ ജലദൗര്‍ലഭ്യം കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
മലങ്കര കുടിവെള്ള പദ്ധതിക്ക് ചെലവ് കൂടുതലാണെങ്കിലും വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പാക്കാനാകും. ജൽ ജീവന് മിഷന്റെ പ്രധാന പദ്ധതികളിലൊന്നാണ് ഇതെന്ന് മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥലം എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.