ലോക്സഭ തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം -കലക്ടർ
text_fieldsലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ ഷീബ ജോര്‍ജ് വിളിച്ചുചേര്‍ത്ത ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം
തൊടുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ഷീബ ജോർജ് അറിയിച്ചു.
ചട്ട ലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. നിരോധിത പ്ലാസ്റ്റിക് - ഫ്ലക്സ് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. കുട്ടികളെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തരുതെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ മാര്‍ഗനിർദേശങ്ങളാണ് മാതൃക പെരുമാറ്റച്ചട്ടം. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും മാതൃക പെരുമാറ്റ സംഹിത പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉറപ്പുവരുത്തും.
ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ തടയാനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പാക്കുന്നതിന്റെ ഭാഗമായി കമീഷന് സ്വീകരിക്കും.
പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ അടിയന്തരമായി നീക്കണം
തൊടുപുഴ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ സ്വമേധയ നീക്കംചെയ്യണമെന്ന് ജില്ല ഇലക്ഷന് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കിൽ മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ പ്രചാരണ സാമഗ്രികള്‍ നീക്കംചെയ്യും.
ഇതിന് വരുന്ന ചെലവുകളുടെ കണക്ക് അതത് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ല ഇലക്ഷന് ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

