ദുരന്ത മേഖലകളിൽ ഇനി നാട്ടുകാരുടെ പ്രതികരണ സേന
text_fieldsതൊടുപുഴയാറ്റിൽ കാണാതായ ആൾക്കായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടന്ന തിരച്ചിൽ (ഫയൽ ചിത്രം)
തൊടുപുഴ: ദുരന്ത സ്ഥലങ്ങളിൽ സഹായഹസ്തമേകാൻ ആപ്ദ മിത്ര പദ്ധതി ഒരുങ്ങുന്നു. ഒരു പ്രദേശത്ത് അപകടങ്ങളോ ദുരന്തമോ ഉണ്ടായാൽ ആദ്യം പ്രതികരിക്കുന്നത് ആ നാട്ടുകാരായിരിക്കും. പ്രാദേശിക തലത്തിൽ ഇതിന് സന്നദ്ധരായവരെ കണ്ടെത്തി പരിശീലനം നൽകി ദുരന്ത മേഖലകളിൽ സഹായ ഹസ്തമേകുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി നേതൃത്വത്തിലാണ് ജില്ലയിൽ പദ്ധതിയുടെ പരിശീലനം പുരോഗമിക്കുന്നത്.
ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ആപ്ദ മിത്ര വളന്‍റിയർമാർക്കുള്ള പരിശീലനമാണ് നടക്കുന്നത്. പ്രാദേശിക അഗ്നിരക്ഷാ സേന സ്റ്റേഷനുകൾ അവരുടെ അധികാരപരിധിയിലെ പതിവ് അടിയന്തര സാഹചര്യങ്ങളിൽ ഇവരെ ഉൾപ്പെടുത്തും. ജില്ലയിൽനിന്ന് 300 പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി കേന്ദ്രാവിഷ്കൃത കമ്യൂണിറ്റി വളന്‍റിയർ പ്രോഗാമാണ് ആപ്ദ മിത്ര. ദുരന്തങ്ങളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ ശാരീരിക ക്ഷമതയുള്ള പൊതുജനങ്ങളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിൽ കോട്ടയം ജില്ലയിലാണ് പരിപാടി ആദ്യം നടപ്പാക്കിയത്.
പരിശീലനം പൂർത്തിയാക്കുന്ന കമ്യൂണിറ്റി വളന്‍റിയർമാർക്ക് എമർജൻസി ലാമ്പുകൾ, ഹെൽമറ്റുകൾ, ഗം ബൂട്ടുകൾ, സുരക്ഷ കണ്ണടകൾ, ലൈഫ് ജാക്കറ്റുകൾ എന്നിവ അടങ്ങിയ ദുരന്ത നിവാരണ കിറ്റുകളും നൽകും. 18നും 40നും മധ്യേ പ്രായമുള്ള കുറഞ്ഞത് ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള ശാരീരിക ക്ഷമതയുള്ള അംഗങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. ആവശ്യമെങ്കിൽ ജില്ലയിൽ വളന്‍റിയർമാരുടെ എണ്ണം വർധിപ്പിക്കും. ഓരോ ജില്ലയിലെയും സന്നദ്ധ പ്രവർത്തകരുടെ എണ്ണം ജില്ലതല ജനസംഖ്യയെ ആശ്രയിച്ചിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

