തദ്ദേശ തെരഞ്ഞെടുപ്പ്; മുന്നണികൾക്ക് വാർഡ് തിരിച്ച് വാട്സ്അപ് ഗ്രൂപ്
text_fieldsതൊടുപുഴ: സ്ഥാനാർഥി ചിത്രം തെളിഞ്ഞ് തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് ചൂട് മുഴുവൻ സൈബർ ഇടങ്ങളിലാണ്. ഓരോ മുന്നണികൾക്കും ഓരോ വാർഡ് വീതം തിരിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. പരമാവധി അംഗങ്ങളെ തങ്ങളുടെ ഗ്രൂപ്പിൽ അംഗമാക്കാൻ മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സ്ഥാനാർഥിയുടെ അഭ്യർഥന, പ്രകടന പത്രിക തുടങ്ങിയവ നേരിട്ട് കൈമാറുന്നതിനേക്കാളും പ്രചാരമാണ് വാട്സ് ആപ്പിലൂടെ അയക്കുമ്പോൾ ലഭിക്കുന്നത്. സ്ഥാനാർഥികൾ തിരക്കിലായതിനാൽ അണികളാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.
ഒരു പോസ്റ്റിന് മറു പോസ്റ്റിട്ട് പ്രതികരണങ്ങൾ ഏറുമ്പോൾ സൈബറിടം പലപ്പോഴും വാഗ്വാദങ്ങളാൽ നിറയുന്നു. ഇടുന്ന പോസ്റ്റുകൾ പരമാവധി ആളുകളിലെത്തിക്കുക, ഷെയറുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് പ്രധാന അജണ്ടകൾ. ഇതിന് വേണ്ടി വിവിധ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നു. മുന്നണികൾക്ക് പൊതുവായും വാർഡ് അടിസ്ഥാനത്തിലും സൈബർ ടീമുകളുണ്ട്. സൈബറിടത്തിൽ ചിലവഴിക്കാൻ സമയമുള്ള യുവാക്കളെയാണ് സോഷ്യൽ മീഡിയ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. വിവിധ മുന്നണികളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും പ്രചാരണം തകൃതിയാണ്.
സൈബർ ആക്രമണവും പെരുകി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യവേദി സമൂഹമാധ്യമങ്ങളായി ചുരുങ്ങിയതോടെ സൈബർ ആക്രമണങ്ങളും പെരുകി. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് പലപ്പോഴും പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികൾക്ക് നേരെ ട്രോളുകൾ ഇറക്കുക, നേതാക്കളുടെ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങൾ വൈറലാക്കുക എന്നിവയാണ് സൈബർ പോരാളികളുടെ പ്രധാന ജോലി. എതിരാളികളുടെ പഴയകാല പോസ്റ്റുകൾ കുത്തിപ്പൊക്കുക, നയവ്യതിയാനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയും പ്രധാന ആയുധങ്ങളാണ്. പ്രധാന പോരാളികൾക്ക് പുറമേ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രം ജന്മമെടുക്കുന്ന നിരവധി വ്യാജ അക്കൗണ്ടുകളും പ്രചാരണക്കളത്തിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

