മലയോരത്തിന്റെ മനസ്സുറപ്പിക്കാൻ മുന്നണികൾ
text_fieldsതൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് നാലര മാസം മാത്രം ശേഷിക്കേ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനാണ് മുന്നണികളുടെ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്ന മുന്നണികൾ നിയമസഭ തെരഞ്ഞെടുപ്പിലും മുന്നിലെത്തുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. ഇതോടെ പഴുതടച്ചുള്ള പ്രചാരണമാണ് ജില്ലയിൽ ഇരുമുന്നണിയും നടത്തുന്നത്. യു.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന ജില്ലയിൽ ഒരു പതിറ്റാണ്ടോളമായി തെരഞ്ഞെടുപ്പുകളിൽ ഇടത് മുന്നണിയാണ് നേട്ടം കൊയ്യുന്നത്.
കോൺഗ്രസിലെ ഭിന്നതകളും കേരള കോൺഗ്രസ് എം മുന്നണി വിട്ടതുമെല്ലാമാണ് കാരണമായി പറയുന്നത്. ഇതോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 52 ഗ്രാമപഞ്ചായത്തിൽ 30 എണ്ണത്തിന്റെയും നിയന്ത്രണം ഇടതുമുന്നണി കൈക്കലാക്കി. എട്ട് ബ്ലോക്ക് പഞ്ചായത്തിൽ നാലെണ്ണവും ജില്ല പഞ്ചായത്ത് ഭരണവും മുന്നണി സ്വന്തമാക്കി. തൊടുപുഴ, കട്ടപ്പന നഗരസഭകളുടെ ഭരണമാണ് യു.ഡി.എഫിന് ലഭിച്ചത്. തൊടുപുഴയിലാകട്ടെ കാലുമാറ്റവും സ്ഥാനമാറ്റവും പലവട്ടം നടക്കുകയും ചെയ്തു. തുടർന്ന് വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളുള്ള ജില്ലയിൽ നാലും ഇടത് മുന്നണി കൈപ്പിടിയിലാക്കിയപ്പോൾ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ദേവികുളം, ഉടുമ്പഞ്ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിന്നു.
തൊടുപുഴ മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ഇതിനൊരു മാറ്റമുണ്ടാക്കണമെന്ന ചർച്ചയാണ് യു.ഡി.എഫിൽ പുരോഗമിച്ചത്. അതിനായി പരമാവധി തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കണമെന്നാണ് നേതാക്കൾ നൽകിയ നിർദേശം. ഇതോടെ ആദ്യഘട്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ശേഷം കാര്യമായ തർക്കങ്ങളില്ലാതെയാണ് മുന്നണി മത്സരത്തിനിറങ്ങിയത്. മുതിർന്ന നേതാക്കളടക്കം തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിക്കാനിറങ്ങുകയും ചെയ്തു. ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
കാര്യമായ തർക്കങ്ങളില്ലാതെ കാലേക്കൂട്ടി സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്തി മത്സര രംഗത്തിറങ്ങിയതാണ് ഇടതുമുന്നണിയുടെ നേട്ടം. ഇത് പ്രചാരണ രംഗത്ത് ആദ്യഘട്ടത്തിൽ മുൻ തൂക്കം നൽകുകയും ചെയ്തു. സി.പി.എം ജില്ല നേതൃത്വത്തിലെ പ്രധാനികളടക്കം മത്സര രംഗത്തുമുണ്ട്. ജില്ലയിലെ വിജയം തുടർഭരണത്തിന് അനിവാര്യമായതിനാൽ ചിട്ടയായ പ്രവർത്തനമാണ് മുന്നണി നടത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽനിന്ന് വലിയ പ്രതീക്ഷകളില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി ശക്തി തെളിയിക്കലാണ് ബി.ജെ.പി ലക്ഷ്യം. തൊടുപുഴ നഗരസഭയും ഇടമലക്കുടി, വട്ടവട അടക്കമുള്ള പഞ്ചായത്തുകളുമാണ് അവരുടെ ടാർഗറ്റ്. തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടാകുമെന്നതിനാൽ മലയോരത്തിന്റെ മനസ്സിളക്കാനായി പതിനെട്ടടവും പയറ്റുകയാണ് മുന്നണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

