ഹരിതമായി; 2044 സ്ഥാപനങ്ങൾ, 448 സ്കൂളുകൾ
text_fieldsഹരിത പദവിയിലേക്ക് എത്തുന്ന പരുന്തുംപാറ ടൂറിസ്റ്റ് കേന്ദ്രം
തൊടുപുഴ: പൊതു ഇടങ്ങളെയും ടൂറിസം കേന്ദ്രങ്ങളെയുമടക്കം പൂര്‍ണമായും മാലിന്യമുക്തമാക്കാനുള്ള ജനകീയ കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുന്നു. ഇതുവരെ 2044 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ കാര്യത്തിലാണ് ഏറെ മുന്നേറ്റം ഉണ്ടായത്. 448 സ്കൂളുകളെ ഹരിത വിദ്യാലയങ്ങളാക്കി. 44 കലാലയങ്ങളെയും അഞ്ച് ടൂറിസം കേന്ദ്രങ്ങളെയും 114 ടൗണുകളെയും 78 പൊതു സ്ഥലങ്ങളെയും 6020 അയല്‍ക്കൂട്ടങ്ങളെയും ഇതുവരെ ഹരിതമാക്കിയിട്ടുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളജ് പരിസരം ശുചീകരിച്ചാണ് മാലിന്യമുക്തം ജനകീയ കാമ്പയിന് തുടക്കമായത്. ജില്ലതലം മുതല്‍ വാര്‍ഡ്തലം വരെയുള്ള നിര്‍വഹണ സമിതി കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു.
എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു സ്വകാര്യ മേഖല സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയെല്ലാം ഹരിതമായി പ്രഖ്യാപിച്ചാണ് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിവരികയാണ്. ജില്ല സിവില്‍ സ്റ്റേഷനിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹരിത ഓഫിസുകളാക്കി മാറ്റുന്നതിന് എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ജില്ല ഓഫിസര്‍മാരുടെ യോഗം ചേരുകയും ഓഫിസുകളിലെ ഹരിത ഓഡിറ്റ് പൂര്‍ത്തീകരിക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനവും ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജില്ലതല പ്രഖ്യാപനവും കൊന്നത്തടിയിലാണ് നടന്നത്.
മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ തേടുന്നതിന് നവംബര്‍ 14 ന് കുട്ടികളുടെ ഹരിതസഭ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നടന്നു. ജില്ലയിലാകെ 404 വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഹരിതസഭയില്‍ പങ്കാളികളായി. ശുചിത്വ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഹരിതസഭ സഹായകമായി. നെടുങ്കണ്ടം, തൊടുപുഴ, കട്ടപ്പന, മൂലമറ്റം, മൂന്നാര്‍, കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോകളില്‍ ഡിസംബര്‍ ഒന്നിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ശുചിത്വ ദിനമായി ആചരിക്കുകയും ചെയ്തു.
ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ടത്തിനും ജില്ലയില്‍ തുടക്കം കുറിച്ചു. പൂപ്പാറ പന്നിയാര്‍ പുഴ ശുചീകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. രണ്ടാംഘട്ട ഹരിത സ്ഥാപന പ്രഖ്യാപനവും മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ജില്ലതല ഉദ്ഘാടനവും തങ്കമണിയില്‍ നടന്നു. കാമ്പയിനിന്റെ മൂന്നാംഘട്ട പ്രഖ്യാപനങ്ങളുടെ ജില്ലതല ഉദ്ഘാടനം 26ന് പള്ളിവാസല്‍ പഞ്ചായത്തില്‍ നടക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 26 മുതല്‍ 31 വരെ തദ്ദേശ സ്ഥാപനതലത്തിലും വാര്‍ഡ് തലത്തിലും ഹരിത പ്രഖ്യാപനങ്ങള്‍ നടക്കും. ഇതിനായി ബൃഹത്തായ പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

