അകറ്റാം... അർബുദത്തെ
text_fieldsതൊടുപുഴ: ജില്ലയിൽ അർബുദ ബാധിതരുടെ എണ്ണം വർധിക്കുന്നു. പുതിയ കണക്കനുസരിച്ച് 3410 അർബുദ ബാധിതരുണ്ട്. 2005ൽ നടത്തിയ കണക്കെടുപ്പിൽ ജില്ലയിലെ മൊത്തം അർബുദ ബാധിതരുടെ എണ്ണം 1100 ആയിരുന്നെങ്കിൽ 2018 ആയപ്പോൾ 3212 ലേക്ക് ഉയർന്നു. 2025 ൽ ഇത് 3410 ലേക്കെത്തി. ആരോഗ്യവകുപ്പ് ജില്ല പാലിയേറ്റിവ് പരിചരണ വിഭാഗം 2019 ജനുവരിയിൽ നടത്തിയ പഠനത്തിൽ 3970 അർബുദ ബാധിതർ ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. രോഗ ബാധിതരായവരിൽ ഭൂരിഭാഗവും ആശുപത്രികളിൽ എത്തുന്നത് അർബുദത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ കഴിഞ്ഞ ശേഷമാണെന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന വെല്ലുവിളി. രോഗം പുറത്തുപറയാൻ തയാറാകാത്തവരാണ് ഏറെയും.
രക്താർബുദമാണ് കുട്ടികളിൽ കണ്ടുവരുന്നത്. സ്ത്രീകളിൽ ശ്വാസകോശ അർബുദം, സ്തനാർബുദം, വൻകുടലിലെ അർബുദം എന്നിവയാണ് കാണപ്പെടുന്നത്. രോഗത്തെ കുറിച്ച് ജനങ്ങളിലുള്ള ഭയമാണ് പലരും രോഗവിവരം പുറത്തു പറയാതിരിക്കാൻ കാരണമെന്ന് ആേരാഗ്യ വകുപ്പ് സർവേയിൽ കണ്ടെത്തിയിരുന്നു. പലരും കിടപ്പിലാകുകയും നഴ്സുമാരുടെ സഹായം തേടുമ്പോഴുമാണ് വിവരമറിയുന്നത്. ജീവിത ശൈലീ രോഗങ്ങൾ കൃത്യമായി കണ്ടെത്തി ചികിത്സ നൽകാത്തത്, അമിത കീടനാശിനി പ്രയോഗം, പുകയില ഉപയോഗം എന്നിവയൊക്കെ അർബുദത്തിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
ജില്ലയെ സംബന്ധിച്ച് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാണ്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനുശേഷമാണ് കൂടുതൽ രോഗവിവരങ്ങൾ അറിഞ്ഞ് തുടങ്ങിയത്. ജില്ലയിൽ ഓരോ വർഷവും അർബുദ രോഗികളുടെ എണ്ണത്തിൽ 10-15 ശതമാനം വർധന ഉണ്ടാകുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
ആരോഗ്യവകുപ്പ് സജ്ജം -മെഡിക്കൽ ഓഫിസർ
തൊടുപുഴ: പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. സുരേഷ് വർഗീസ് പറഞ്ഞു. ഭയം, ആശങ്ക കാരണങ്ങളാൽ ബഹുഭൂരിപക്ഷവും പരിശോധനക്ക് എത്തുന്നില്ല. ഫെബ്രുവരി നാല് മുതൽ മാർച്ച് എട്ട് വരെ വിവിധതരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങളും നടപ്പാക്കാൻ ആരോഗ്യവകുപ്പ് സജ്ജമായിട്ടുണ്ട്. ഫെബ്രുവരി നാലിന് തുടങ്ങി വനിതാദിനമായ മാർച്ച് എട്ടു വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുക.
ജില്ലയിലെ സർക്കാർ കേന്ദ്രങ്ങളിൽ ആഴ്ചയിലെരിക്കൽ കാൻസർ സ്ക്രീനിങ്ങിനായി ജീവനക്കാരെ സജ്ജമാക്കും. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യമാണ് പരിശോധന. മറ്റുള്ളവർക്ക് മിതമായ നിരക്കിൽ സ്വകാര്യ പരിശോധന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. കാൻസർ സ്ക്രീനിങ് ക്യാമ്പുകളും സംഘടിപ്പിക്കും.
പരിപാടിയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്കുള്ള പരിശീലനം പൂർത്തിയായി. എല്ലാ സ്ഥാപനങ്ങളിലും പഞ്ചായത്ത്തല ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കും. കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ബോധവത്കരണ പ്രവർത്തനങ്ങളും നടത്തുമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് തുടക്കം
തൊടുപുഴ: കാൻസർ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന പേരിൽ ജനകീയ കാമ്പയിന് ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് തുടക്കമാവും. സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധപ്രവർത്തകർ, സംഘടനകൾ പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ജില്ലതല ഉദ്ഘാടനം ഫെബ്രുവരി നാലിന് രാവിലെ പത്തിന് കുമളിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. 30 വയസ്സിന് മുകളിൽ പ്രായമായ സ്ത്രീകളെ ഉൾപ്പെടുത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുക.
സ്ത്രീകളിലെ അർബുദം സംബന്ധിച്ച് പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെപ്പറ്റി സമൂഹത്തിൽ അവബോധം വർധിപ്പിക്കുക, വിവിധതരം കാൻസറുകൾ സംബന്ധിച്ച് സമൂഹത്തിലുള്ള മിഥ്യാ ധാരണകൾ, ഭീതി എന്നിവ അകറ്റുക, അർബുദ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വർധിപ്പിക്കുകയും, സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, പരമാവധി സ്ത്രീകളെ സ്തന പരിശോധന, ഗർഭാശയഗള പരിശോധന എന്നിവക്ക് വിധേയരാക്കുക, അർബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുകയും അതുവഴി മരണനിരക്ക് കുറക്കുകയും ചെയ്യുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.