കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശനം നാളെ മുതല്‍
text_fieldsതൊടുപുഴ: കുഷ്ഠരോഗ നിവാരണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന്റെ ഏഴാംഘട്ടം ബുധനാഴ്ച ജില്ലയില്‍ ആരംഭിക്കും. അന്നേദിവസം കലക്ടറുടെ വസതിയില്‍ ജില്ലതല ഉദ്ഘാടനം കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍വഹിക്കും. സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളില്‍ പുതുതായി രോഗം കണ്ടെത്തുന്നത് മുതിര്‍ന്നവരില്‍ കുഷ്ഠരോഗം മറഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. ജില്ലയില്‍ നിലവില്‍ കുഷ്ഠരോഗബാധിതരുടെ എണ്ണം എട്ടാണ്. കുട്ടികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നാല് അന്തർസംസ്ഥാന തൊഴിലാളികളും നാല് തദ്ദേശീയമായിട്ടുള്ള കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു സ്ത്രീയും ഏഴ് പുരുഷന്മാരും ഉള്‍പ്പെടുന്നു.
ബുധനാഴ്ച മുതല്‍ 20 വരെയാണ് ഭവന സന്ദര്‍ശനം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവര്‍ത്തകയും ഒരു പുരുഷ വളന്‍റിയറും അടങ്ങുന്ന സംഘം വീടുകളില്‍ എത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കും.
ആറു മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമാണ്. ആരംഭത്തിലെ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയാനും രോഗപകര്‍ച്ച ഒഴിവാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

