ചോർന്നൊലിച്ച് തൊടുപുഴ ഡിപ്പോ; ബസിൽ കയറാൻ പെടാപ്പാട്
text_fieldsതൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ
ബസിൽനിന്ന് വെള്ളത്തിലേക്ക് ഇറങ്ങുന്ന യാത്രക്കാർ
തൊടുപുഴ: മഴ എത്തിയതോടെ കോടികൾ ചെലവഴിച്ച് പണിത കെ.എസ്.ആർ.ടി.സി ഡിപ്പോ ചോർന്നൊലിക്കുന്നു. കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് ഒരുവർഷം പിന്നിടുമ്പോഴാണ് വിവിധ ഇടങ്ങളിൽ ചോർന്നൊലിക്കുന്നത്. നാല് നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ മുകൾ നിലയിൽ പലഭാഗത്തും വെള്ളം ഒലിച്ചിറങ്ങുകയാണ്. ഏറ്റവും മുകൾനിലയുടെ ഹാളിൽ നടുവിലായാണ് വെള്ളം കിടക്കുന്നത്.
ഒഴുകി താഴേനിലയിൽ വരെ എത്തുന്നുണ്ട്. ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തിനുവരെ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും ഭിത്തിയും വാർക്കയുടെ ഭാഗങ്ങളും വിണ്ടുകീറിയ നിലയിലാണ്. 2013 ജനുവരി 10നാണ് ആധുനിക രീതിയില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ കം ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിച്ചതെങ്കിലും പല കാരണങ്ങള്‍കൊണ്ട് പണിയും ഉദ്ഘാടനവും വൈകി.
ഒടുവിൽ ഒരുവർഷം മുമ്പാണ് ഡിപ്പോ തുറന്നുനൽകിയത്. കെട്ടിട നിർമാണം പൂർത്തീകരിച്ചെങ്കിലും തുടർപണി പൂർത്തീകരിക്കാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡിപ്പോയുടെ രണ്ടാംനിലയിലുള്ള ശുചിമുറിയിൽനിന്നുള്ള മാലിന്യവും പുറത്തേക്ക് ഒഴുകുന്നതായി ആക്ഷേപമുണ്ട്. പലയിടത്തും മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. ഇതുകൂടാതെ ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിടുന്ന സ്ഥലത്തും മഴപെയ്താൽ വെള്ളം ഉയരും. ഇവിടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഇല്ലാത്തതാണ് കാരണം. വെള്ളക്കെട്ടിലൂടെ ബസിൽ കയറാൻ പ്രയാസപ്പെടുന്ന സാഹചര്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

