വോട്ട് പോയത് എവിടെ? കണക്കിൽ പിഴച്ച് എൽ.ഡി.എഫ്
text_fieldsതൊടുപുഴ: കാർഷിക മലയോര ജനത ഇടത് പാളയത്തിൽ നിന്ന് യു.ഡി.എഫിലേക്ക് മടങ്ങിയെത്തിയ കാഴ്ചക്കാണ് തദ്ദേശ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. പഴുതടച്ച തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ടും തെറ്റിയത് എവിടെ എന്നറിയാതെ കുഴങ്ങുകയാണ് ജില്ലയിൽ എൽ.ഡി.എഫ് നേതൃത്വം.
2020 ൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയിൽ എൽ.ഡി.എഫ് നേടിയെടുത്ത വിജയങ്ങളടക്കമാണ് തെരഞ്ഞെടുപ്പ് ഫലത്തോടെ ഇടുക്കിയിൽ തകർന്നടിഞ്ഞത്. 17 ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മാണി വിഭാഗം മത്സരിച്ച നാല് സീറ്റുകളിലും എൽ.ഡി.എഫ് തോറ്റു. ആകെ വിജയിക്കാനായത് മൂന്നിടത്ത് മാത്രം. ജില്ലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷവും നേടാനായി.
തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ തർക്കങ്ങളും വിമത ശല്യവുമൊക്കെ ഉയർന്നെങ്കിലും അതെല്ലാം മാറ്റിവെച്ച് ഒരുമിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് തിളക്കമാർന്ന വിജയത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനെ കൂട്ടി നേടിയ മികച്ച വിജയം ഇത്തവണയും തുടരുമെന്നായിരുന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നത്. പക്ഷേ ഇത്തരമൊരു വലിയ തിരിച്ചടി എൽ.ഡി.എഫ് പ്രതീക്ഷിച്ചില്ല. തോട്ടം മേഖലയിൽ പോലും സ്വാധീനം കുറഞ്ഞത് എൽ.ഡി.എഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
പ്രമുഖ സ്ഥാനാർഥികൾ വരെ തോൽവി ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തും രണ്ട് മുനിസിപാലിറ്റിയും ഭൂരിപക്ഷം പഞ്ചായത്തുകളും കൈവിട്ടതിന് പിന്നിൽ ഭരണ വിരുദ്ധ വികാരവും ജനകീയ പ്രശ്നങ്ങളും ശബരിമല പോലെയുള്ള പ്രശ്നങ്ങളും ചർച്ചയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

