ഭൂപതിവ് ഭേദഗതി ചട്ടം; പ്രതീക്ഷയോടെ മലയോരം
text_fieldsതൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾക്ക് മന്ത്രി സഭ യോഗം അംഗീകാരം നൽകിയത് പ്രതീക്ഷയോടെ നോക്കിക്കണ്ട് മലയോരം. ജില്ലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഇത്. ചട്ടം രൂപീകരിക്കുന്നതോടെ ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹാരം കാണാൻ കഴിയുമെന്നാണ് സർക്കാർ വാദം. പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങളടക്കം നിർമാണങ്ങൾ, ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ നിർമ്മിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.
അതേ സമയം സർക്കാർ മലയോര ജനതയെ കൊള്ളയടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുണ്ട്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ കരട് ചട്ടങ്ങൾ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിടും. നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ ഭൂപതിവ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരും.
സര്‍ക്കാരിന്റെ ഓണസമ്മാനം-മന്ത്രി റോഷി അഗസ്റ്റിന്
തൊടുപുഴ: ഭൂപതിവ് നിയമത്തിലെ ചട്ടങ്ങള്‍ മലയോര ജനതക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. വര്‍ഷങ്ങളായി ജനങ്ങള്‍ക്കുണ്ടായിരുന്ന എല്ലാവിധത്തിലുള്ള ആശങ്കകള്‍ക്കും ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ അറുതിയാകുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി ക്രമവത്കരിക്കുന്നതിന് ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനും സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 63 വര്‍ഷമായി ഹൈറേഞ്ചിലെ കര്‍ഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമായിരിക്കുന്നത്.പ്രത്യേക ഭൂപതിവ് ചട്ടങ്ങളില്‍ കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ കൂടി നടത്താന്‍ സാഹചര്യമൊരുക്കുന്നത് മലയോര ജനതയുടെ ജീവിതം മാറ്റിമറിയ്ക്കും. ഇവിടേക്ക് കൂടുതല്‍ പദ്ധതികള്‍ വരാന്‍ സാഹചര്യമൊരുക്കും.
കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ തീരുമാനം-എൽ.ഡി.എഫ്
ചെറുതോണി: കുടിയേറ്റ കർഷകരുടെ ആത്മാഭിമാനം ഉയർത്തിയ തീരുമാനമാണ് മന്ത്രിസഭായോഗ തീരുമാനത്തിലൂടെ ഉണ്ടായതെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി.എൽ.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായി ഇച്ഛാശക്തിയോടെ നടത്തിയ ഇടപടലുകളും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകളും നിരവധിയാണ്. ജില്ലയിലെ ഭൂ പ്രശ്നങ്ങളിൽ വലഞ്ഞ കർഷകർക്ക് എൽ.ഡി.എഫ് നൽകിയ വാഗ്ദാനമാണ് പാലിക്കപ്പെട്ടിരിക്കുന്നയെന്നും നേതാക്കൾ പറഞ്ഞു.
സർക്കാർ കാട്ടിയ കൊടും ചതി -അതിജീവന പോരാട്ടവേദി
തൊടുപുഴ: പട്ടയഭൂമി സർവ്വസ്വാതന്ത്ര്യത്തോടെ ഉപയോഗിച്ചിരുന്ന ഭൂ ഉടമകൾ കാർഷികേതര പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടങ്കിൽ ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് 2019ൽ 268/2019 നമ്പർ റവന്യു ഉത്തരവിലൂടെ പട്ടയം റദ്ദ് ചെയ്ത് ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയത് ഇടതു സർക്കാരാണെന്ന് അതിജീവന പോരാട്ട വേദി. ഉയർന്ന് വന്ന ബഹുജനരോഷത്തെ തുടർന്ന് ചട്ട ഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് 2019 ൽ പ്രഖ്യാപിച്ച മുഖ്യമന്ത്രി, പിന്നീട് വിഷയം നീട്ടി കൊണ്ട് പോകുകയും ചട്ട ഭേദഗതിക്ക് പകരം നിയമ നിർമ്മാണമാക്കി മാറ്റുകയും ചെയ്തത് ചതിയാണ്. ഭരണഘടനാ ലംഘനമടക്കമുള്ള കാര്യങ്ങൾ ചൂണ്ടി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
അനിശ്ചിതത്വങ്ങൾക്ക് വിരാമമിടും -കേരള കോൺഗ്രസ് (എം)
ചെറുതോണി: കർഷകർക്ക് നൽകിയിട്ടുള്ള പട്ടയങ്ങൾ ഇതര ആവശ്യങ്ങൾക്ക് വിനിയോഗിച്ചത് കാണിച്ച് നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പരിഹരിക്കുന്നതിന് നിയമ ഭേദഗതിയും ഇതേ തുടർന്ന് ചട്ടരൂപവത്കരണവും നടത്തിയ എൽ.ഡി.എഫ് സർക്കാരിനെ കേരള കോൺഗ്രസ്സ് (എം) ജില്ല കമ്മിറ്റി അഭിനന്ദിച്ചു.1960 ലെ ഭൂപതിവുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഇപ്പോൾ കാലാനുസൃത ഭേദഗതിയും തുടർന്നുള്ള ചട്ടവും രൂപവത്കരിച്ചിട്ടുള്ളത്.ഇതോടെ 2018 ൽ നിലവിൽ വന്ന നിർമാണ നിരോധനവുമായി ബന്ധപ്പെട്ട നിലവിൽ വന്ന ഉത്തരവുകളെ മറികടക്കാൻ കഴിഞ്ഞ .ജില്ലയിലെ അനിശചിതത്വങ്ങൾക്ക് ഇത് വിരാമമിടും. നിലവിൽ ഉള്ള മുഴുവൻ വീടുകളും സൗജന്യമായി ക്രമവത്കരിക്കാൻ കഴിയുമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
ഉപാധി രഹിത പട്ടയം; പരിഹാരമായില്ല -പി.ജെ ജോസഫ്
തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമി കെട്ടിട നിർമ്മാണം ഉൾപ്പെടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കി നൽകണമെന്നാണ് കേരള കോൺഗ്രസും കർഷക സമൂഹവും ആവശ്യപ്പെട്ടു വന്നിരുന്നതെന്ന് പി.ജെ ജോസഫ് എംഎൽഎ. ഒരു പൊതു ഉത്തരവ് വഴി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്ന് നിയമസഭയിൽ ബില്ല് ചർച്ച വേളയിൽ ചൂണ്ടിക്കാണിച്ചിരുന്നതാണ്.
എന്നാൽ മന്ത്രിസഭ പാസാക്കി എന്ന് പറയുന്ന ചട്ടങ്ങളിൽ പതിവു ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചവരെ കുറ്റക്കാർ ആയി കണ്ട് ഫീസ് ഈടാക്കുന്നതിനുള്ള ചട്ടങ്ങളാണ് ഉള്ളത്. കൃഷിക്കാരുടെ പ്രധാന ആവശ്യമായ കൃഷിക്കും ഭവന നിർമാണത്തിനും മാത്രം എന്ന പട്ടയ വ്യവസ്ഥകൾ ഒഴിവാക്കണമെന്നും പരിഗണനയിലിരിക്കുന്ന അപേക്ഷകളിൽ പട്ടയം നൽകുമ്പോൾ ഉപാധിരഹിതമായി നൽകണം എന്നുമുള്ള ആവശ്യത്തിന് ഇത് പരിഹാരമല്ല. ഉപാധിരഹിത പട്ടയം എന്ന ആവശ്യത്തില്‍ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുന്നുവെന്നും പി. ജെ. ജോസഫ് പറഞ്ഞു.
ചട്ടം ഭേദഗതിയിലൂടെ കൊള്ളയടി അനുവദിക്കില്ല -ഡീൻ കുര്യാക്കോസ്
തൊടുപുഴ: ചട്ടം ഭേദഗതിക്ക് അംഗീകാരം നൽകിയതിൽ വൻ പണപ്പിരിവ് ആണ് സർക്കാർ ലക്ഷ്യം വച്ചിട്ടുള്ളതെന്ന് ഡീൻ കുര്യാക്കോസ് എം.പി. സർക്കാരിന്റെ എല്ലാ വിധ അനുമതിയും വാങ്ങി നിർമ്മിച്ച കെട്ടിടങ്ങൾക്കു മേലെ പല തട്ടുകളിലായി കൂടുതൽ ഫീസ് ഏർപ്പെടുത്തിയാണ് ക്രമവത്കരണം നടത്തുന്നത്. ഇത് അന്യായമാണ്. മാത്രവുമല്ല ഫീസ് നിർണയിക്കുന്ന ഉദ്യോഗസ്ഥർ വൻ പണപ്പിരിവും നടത്തും. നേതാക്കളും, ഉന്നത നേതൃത്വവും അതിന്റെ പങ്കു പറ്റുകയും ചെയ്യും.
പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമ്മാണങ്ങൾ അനുവദിക്കും എന്ന ഭേദഗതി ചട്ടങ്ങളിൽ വരുത്തേണ്ടിടത്ത്, കൂടുതൽ സങ്കീർണമാക്കി, ഭാവിയിൽ സമ്പൂർണ നിർമ്മാണ നിരോധനം അടിച്ചേൽപ്പിച്ച സർക്കാരിനെതിരായ പ്രക്ഷോഭം തുടരുമെന്നും, അന്യായമായ ചട്ടഭേദഗതി പിൻവലിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. യു.ഡി എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡൻ്റ് ന്റ്സിജു ചക്കുംമൂട്ടിൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
സ്വാഗതാർഹം -മാത്യു വർഗീസ്
മലയോര ജനതക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓണസമ്മാനമാണ് പട്ടയ ചട്ടങ്ങളുടെ ഭേദഗതിയിലൂടെ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചതെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ് പറഞ്ഞു. അറുപത്തഞ്ച് വർഷങ്ങൾക്കു ശേഷം കർഷകർക്ക് ഏറ്റവും ഗുണകരമായ ഭേദഗതി ഇപ്പോഴാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി കെ. രാജനും നന്ദി അർപ്പിക്കുന്നുവെന്നും മാത്യു വർഗീസ് പറഞ്ഞു.
സർക്കാറിന്റെ ഇച്ഛാശക്തിയുടെ വിജയം -സി.പി.ഐ
ഇടുക്കി: സർക്കാരിന്റെയും റവന്യൂ മന്ത്രിയുടെയും ഇച്ഛാശക്തിയുടെ വിജയമാണ് ഭൂപതിവ് ഭേദഗതിയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.സലിം കുമാർ. ഈ സര്‍ക്കാരിന്റെ കാലത്ത് ഭൂപതിവ് ഭേദഗതി പ്രാബല്യത്തില്‍ വരില്ലെന്നും നിയമ ഭേദഗതി തട്ടിപ്പാണെന്നും പ്രചാരണം നടത്തിയ യുഡിഎഫിനും കപട പരിസ്ഥിതി സംഘടനകള്‍ക്കും കരണത്തേറ്റ അടിയാണ് ചട്ടങ്ങള്‍ക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കിയതിലൂടെ ഉണ്ടായത്. പതിച്ച് കിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ഇതോടെ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നും സലിംകുമാര്‍ വ്യക്തമാക്കി.
മലയോരജനതയെ കൊള്ളയടിക്കാൻ - ബിജോ മാണി
തൊടുപുഴ: സർക്കാരിന് മലയോരജനതയെ കൊള്ളടിക്കാൻ നിയമപരമായി അനുമതി നൽകുക മാത്രമാണ് ചട്ട രൂപവത്കരണത്തിലൂടെ സർക്കാർ ചെയ്തതെന്നും കെട്ടിട നിർമ്മാണത്തിന് നിലവിലുള്ള തടസ്സങ്ങൾ മാറ്റാൻ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു.
മുൻപ് എല്ലാ അനുമതിയും വാങ്ങി അന്ന് നിലവിലുണ്ടായിരുന്ന ഫീസും അടച്ച് നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിക്കാൻ പണം പിരിക്കാനല്ലാതെ ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അതേപടി നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

