ഭൂ ജല വിനിയോഗം; നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകൾ ഭാഗിക ഗുരുതര വിഭാഗത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: ഭൂജല സമ്പത്തിന്റെ കാര്യത്തിൽ നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകൾ ഭാഗിക ഗുരുതര വിഭാഗത്തിൽ. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി നടത്തിയ പഠനഭാഗമായാണ് ജില്ലയിൽ രണ്ട് ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ വിഭാഗത്തിലാണെന്ന് കണ്ടെത്തിയത്.
ജല ലഭ്യതയുടെയും ഭൂജല ഉപഭോഗത്തിന്റെയും അടിസ്ഥാനത്തിലാണ് ബ്ലോക്കുകളെ സുരക്ഷിതം, സെമി ക്രിട്ടിക്കൽ, ക്രിട്ടിക്കൽ, അമിത ചൂഷണവിഭാഗം എന്നിങ്ങനെ തിരിക്കുന്നത്.
റീചാർജ് ചെയ്യപ്പെടുന്ന ഭൂജലത്തിന്റെ 70 ശതമാനത്തിന് താഴെ ഉപഭോഗം നിലവിലുള്ള ബ്ലോക്കുകളാണ് സുരക്ഷിതം. റീചാർജ് ചെയ്യപ്പെടുന്ന ഭൂജലത്തിന്റെ 70 മുതൽ 90 ശതമാനം വരെ ഉപഭോഗം നിലവിലുള്ള ബ്ലോക്കുകൾ സെമി ക്രിട്ടിക്കലും ഭൂജല ഉപഭോഗം 90നും 100ലും വരുമ്പോൾ ക്രിട്ടിക്കലും 100 ശതമാനത്തിലധികം ഭൂജല ഉപഭോഗം നിലവിലുള്ള ബ്ലോക്കുകൾ അമിത ചൂഷണ വിഭാഗത്തിലും പെടുന്നു.
ജില്ലയിലെ ബാക്കി ആറ് ബ്ലോക്കുകൾ സുരക്ഷിത വിഭാഗത്തിലാണ്. സംസ്ഥാന ശരാരശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് ഇടുക്കി. എങ്കിലും രൂക്ഷമായ ജല ക്ഷാമമാണ് ജില്ല നേരിടുന്നത്. ചെങ്കുത്തായ മല നിരകൾ നിറഞ്ഞ ഭൂപ്രകൃതി, ആഗോള താപനത്തിനിടയാക്കുന്ന പ്രവർത്തനങ്ങൾ, വന നശീകരണം, അനധികൃതവും അശാസ്ത്രീയവുമായ കുഴൽ കിണറുകളുടെ നിർമാണം തുടങ്ങിയവ ജല ക്ഷാമം രൂക്ഷമാക്കുന്നു.
തോട്ടങ്ങളിലെ കിണറുകളിൽ രാസ മാലിന്യ സാന്നിധ്യം കൂടുതൽ
തൊടുപുഴ: ജില്ലയിലെ ഭൂജലം പൊതുവിൽ ഗുണ നിലവാരമുള്ളതാണെന്നാണ് കണ്ടെത്തൽ. തുറന്ന കിണറുകളിലെ ഭൂജല ഗുണനിലവാരം താരതമ്യേന മെച്ചപ്പെട്ടതാണ്. എങ്കിലും ചില സ്ഥലങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. തോട്ടങ്ങളിലെ ചില കിണറുകളിൽ അനുവദനീയമായതിൽ കൂടുതൽ രാസ മാലിന്യ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കിണറും പരിസരങ്ങളും വൃത്തിയാക്കാത്തതും മൂടി സംരക്ഷിക്കാത്തതും സെപ്റ്റിക് ടാങ്ക്, മാലിന്യക്കുഴി തുടങ്ങിയവയിൽ നിന്ന് വേണ്ടത്ര അകലം പാലിക്കാത്തതും കിണറുകളിൽ കോളിഫോം ബാക്ടീരിയ കൂടുതലായി കാണുന്നതിന് കാരണമാണ്.
തുറന്ന കിണറുകളിലെ ഭൂജലത്തിൽ ഇരുമ്പിന്റെ അംശം ചില സ്ഥലങ്ങളിൽ കൂടുതലാണ്. എങ്കിലും പൊതുവേ കുഴൽക്കിണറിലെ ഭൂജലത്തിലാണ് ഇരുമ്പിന്റെ അംശം കൂടുതൽ. കുഴൽക്കിണറിലെ ഭൂ ജലത്തിന് പൊതുവേ കാഠിന്യം കൂടുതലായും കാണപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

