വന്യജീവികളുടെ ശല്യം നേരിടാൻ ചെലവഴിച്ചത് ലക്ഷങ്ങൾ; എങ്ങുമെത്താതെ പ്രതിരോധം
text_fieldsതൊടുപുഴ: കാട്ടാനയടക്കം വന്യജീവികളുടെ ശല്യം നേരിടാൻ വനംവകുപ്പ് ജില്ലയില്‍ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പ്രതിരോധം എങ്ങുമെത്തുന്നില്ല. അടുത്തിടെ വനാതിർത്തികളുമായി ബന്ധപ്പെട്ട് കാട്ടാന ആക്രമണം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണ്. ഇതിനിടെ കാട്ടാനക്കലിയില്‍ ഒരു വനം വാച്ചറുടെ ജീവന്‍കൂടി ജില്ലയില്‍ പൊലിയുകയും ചെയ്തു. ഇതോടെ ജില്ലയിലെ കാട്ടാന ശല്യത്തിനെതിരെ ശക്തമായ പ്രതിരോധം വേണമെന്ന ആവശ്യം ശക്തമായി.
വയനാട് ധോണിയെ വിറപ്പിച്ച പി.ടി-7നെയും സുല്‍ത്താന്‍ ബത്തേരിയുടെ പേടിസ്വപ്നമായിരുന്ന പി.എം. 2വിനെയും വനംവകുപ്പ് കൂട്ടിലടച്ചതുപോലെ ജില്ലയില്‍ ജനങ്ങള്‍ക്ക് നിത്യതലവേദനയായി മാറുന്ന കാട്ടാനകളെയും മയക്കുവെടിവെച്ച് പിടികൂടി സംരക്ഷണ കേന്ദ്രത്തിലാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.
ദേവികുളം റേഞ്ചിന് കീഴിലാണ് കാട്ടാന ശല്യം ഏറ്റവും രൂക്ഷം. കഴിഞ്ഞ വര്‍ഷം രണ്ടുപേരെ കാട്ടാന കൊലപ്പെടുത്തി. മാര്‍ച്ച് 29ന് സിങ്കുകണ്ടം തിരുവള്ളൂര്‍ കോളനി കൃപാഭവനില്‍ ബാബുവിനെ വീടിനു സമീപത്തുവെച്ച് ചക്കക്കൊമ്പന് എന്ന ഒറ്റയാന് കൊലപ്പെടുത്തി. നവംബര്‍ 21ന് തലക്കുളം സ്വദേശിയായ സ്വാമിവേലിനെ (68) കാട്ടാന കൊലപ്പെടുത്തി. 2021 ജൂലൈയില്‍ കോരമ്പാറ സ്വദേശിനി വിമലയെ (46) തലക്കുളത്തെ കൃഷിയിടത്തില്വെച്ചും സെപ്റ്റംബറില്‍ ചട്ടമൂന്നാര്‍ സ്വദേശിനി വിജിയെ (36) ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ റോഡില്‍വെച്ചും ഒറ്റയാന് ആക്രമിച്ചു കൊലപ്പെടുത്തി.
പല പ്രദേശങ്ങളിലും പതിവുപേടിസ്വപ്നങ്ങളായ കാട്ടാനകളെ വരുതിയിലാക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ആനകളുടെ സാന്നിധ്യം മൂലം പ്രദേശത്തെ ഏലത്തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഏറെ പേടിയോടെയാണ് ജോലി ചെയ്യുന്നത്. ഇതിനു പുറമെ മറ്റ് ആനകളുടെ ശല്യവും മേഖലയില്‍ പതിവായുണ്ട്.
എവിടെ കാട്ടാന സംരക്ഷണ കേന്ദ്രം, വരുമോ തൂക്കുവേലി
കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ മികച്ച പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുമെന്ന് വനം വകുപ്പ് അധികൃതർ പലതവണ പ്രഖ്യാപിച്ചെങ്കിലും ഇവ യാഥാർഥ്യമാക്കാൻ കഴിയാത്തതാണ് ആനശല്യം ഇത്രയധികം രൂക്ഷമാകാൻ കാരണം. വനാതിർത്തി പങ്കിടുന്ന 20 കിലോമീറ്റർ ചുറ്റളവിൽ തൂക്കുവേലി സ്ഥാപിക്കാനായിരുന്നു വനം വകുപ്പിന്റെ പദ്ധതി. കഴിഞ്ഞ വർഷം വിദഗ്ധരെത്തി പഠനം നടത്തി സുരക്ഷാ സംവിധാനങ്ങൾ തയാറാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ നടപടിയില്ല.
നാലു വർഷം മുമ്പാണ് കാട്ടാന സംരക്ഷണ കേന്ദ്രം ചിന്നക്കനാലിൽ സ്ഥാപിക്കുമെന്ന് വനം വകുപ്പ് വാഗ്ദാനം നൽകിയത്. വനമേഖലയിൽ കാട്ടാന സംരക്ഷണ കേന്ദ്രം വരുന്നതോടെ ജനവാസമേഖലകളിൽ കാട്ടാന ഇറങ്ങുന്നതു തടയാൻ കഴിയുമെന്നായിരുന്നു വനം വകുപ്പിന്റെ ആശയം.
ചിന്നക്കനാലിൽ സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയുൾപ്പെടെ 1000 ഹെക്ടറിലധികം ഏറ്റെടുത്തു പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനായി വനം വകുപ്പ് പ്രാഥമിക സർവേ നടത്തുകയും പഠന റിപ്പോർട്ട് സർക്കാറിനു കൈമാറുകയും ചെയ്തു. എന്നാൽ, എതിർപ്പുകൾ പലകോണുകളിൽനിന്ന് ഉയർന്നതോടെ അതും ഇല്ലാതായി. മൂന്നാര്‍ ഡിവിഷനിലും സമീപങ്ങളിലും കാട്ടാന ആക്രമണം തടയുന്നതിന്റെ ഭാഗമായി തൂങ്ങിക്കിടക്കുന്ന സൗരോർജ തൂക്കുവേലി ഉള്‍പ്പെടെ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയാറായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം വനം മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കിയത്.
സിങ്കുകണ്ടം-ചെമ്പകത്താഴുകുടി സെറ്റില്‍മെന്റ് പ്രദേശം - 8.2 കി.മീ, 80 ഏക്കര്‍ കോളനി -5 കി.മീ, പന്താടിക്കളം -3.2 കി.മീ, തിടിര്‍നഗര്‍ -1 കി.മീ, ബി.എല്‍ റാം മുതല്‍ തിടിര്‍നഗര്‍ വരെ - 3.8 കി.മീ, കോഴിപ്പണ്ണക്കുടി -0.5 കി.മീ എന്നിങ്ങനെ സൗരോർജവേലികൾ നിര്‍മിക്കുന്നതിനും ആര്.ആര്.ടി ശക്തിപ്പെടുത്തുന്നതിനും ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നതിനുമാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

