കുന്നം-മഠത്തിക്കണ്ടം ബൈപാസ്; ഉത്തരവ് പുറത്തിറക്കാതെ പൊതുമരാമത്ത് വകുപ്പ്
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: കുന്നം -മുതലക്കോടം -ഇല്ലിച്ചുവട് - മഠത്തിക്കണ്ടം ബൈപാസിന്റെ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കാനുള്ള ഉത്തരവ് പുറത്തിറക്കാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.
ഗതാഗതക്കുരുക്ക് മൂലം വീർപ്പുമുട്ടുന്ന ഉടുമ്പന്നൂർ - തൊടുപുഴ റോഡിലെ കുന്നം മുതൽ മുതലക്കോടം വരെ റോഡിന് സമാന്തരമായാണ് നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ബൈപാസ് കടന്നു പോകുന്നത്. മാസ്റ്റർ പ്ലാനിൽ നിർദേശിക്കുന്നത് പ്രകാരം ബൈപാസ് കടന്നു പോകുന്നത് മുതലക്കോടം ടൗണിൽ നിന്ന് മീറ്ററുകൾ അകലത്തിൽ കൂടിയാണ്. അതിനാൽ ബൈപാസ് വരുന്നതോടെ മുതലക്കോടം ടൗൺ വികസിക്കും.
ബൈപാസ് കടന്നു പോകുന്ന പല ഭാഗങ്ങളിലും ഇപ്പോൾ തന്നെ വീതിയുള്ള റോഡുണ്ട്. മാങ്ങാട്ടുകവല - വെങ്ങല്ലൂർ നാലുവരി പാതയിലെ ഏഴാല്ലൂർ കവല മുതൽ മഠത്തിക്കണ്ടം പെട്ടെനാട് ഇല്ലിച്ചുവട് വരെ ഇപ്പോൾ തന്നെ വീതിയുള്ള റോഡ് ഉണ്ട്. തുടർന്ന് വയലിന് നടുക്ക് കൂടിയാണ് കടന്നു പോകുക.
ഇവിടെ അംഗൻവാടി നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി ഭൂമി സൗജന്യമായി നഗര സഭക്ക് കൈമാറിയിട്ടുണ്ട്. പിന്നീട് മീറ്ററുകൾ ദൂരത്തിൽ സ്ഥലം ഏറ്റെടുത്താൽ സെന്റ് ജോർജ് സ്റ്റേഡിയത്തിന് സമീപത്തെ മുതലക്കോടം - പഴേരി റോഡിൽ എത്തും.
ഇവിടെ നിന്ന് നിലവിലെ റോഡ് വീതി കൂട്ടിയോ സ്ഥലം ഏറ്റെടുത്തോ പഴുക്കാകുളം റോഡ് മുറിച്ചുകടന്ന് ഹോളി ഫാമിലി ആശുപത്രിയുടെ പിൻഭാഗത്ത് കൂടി കനാൽ റോഡ് വഴി പട്ടയം കവലക്ക് സമീപത്തുകൂടി കുന്നത്ത് എത്തുന്നതാണ് ബൈപാസ്. ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കാൻ ആവശ്യമായ തുക നഗരസഭ പൊതുമരാമത്ത് വകുപ്പിന് നൽകാൻ തയാറാണ്.
ഇത്തവണത്തെ സംസ്ഥാന ബജറ്റിലും ബൈപാസ് ഉൾപ്പെട്ടിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് ഇറക്കാൻ പി.ജെ. ജോസഫ് എം.എൽ.എ.യും നഗരസഭ ചെയർമാൻ സനീഷ് ജോർജും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

