ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി
text_fieldsതൊടുപുഴ: ഓണത്തോട് അനുബന്ധിച്ച് കുടുംബത്തോടൊപ്പം ആസ്വദിക്കാന്‍ ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് സെല്‍. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍നിന്ന് ഓണാവധി മുന്‍ നിര്‍ത്തി നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മലക്കപ്പാറ, ചതുരംഗപ്പാറ, വാഗമണ്‍, വയനാട് എന്നിവിടങ്ങളിലേക്കാണ് ഓണക്കാല വിനോദ യാത്രകള്‍. മലക്കപ്പാറയിലേക്ക് 27നാണ് വിനോദ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ വഴി വെറ്റിലപ്പാറയും അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ആസ്വദിച്ചാണ് മലക്കപ്പാറയിലേക്കുള്ള യാത്ര. 650 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. സമുദ്രനിരപ്പില്‍ നിന്നും 3605 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചതുരംഗപ്പാറയിലേക്ക് 30ന് ആണ് യാത്ര പുറപ്പെടുന്നത്. കാറ്റാടി പാടങ്ങളുടെ മനോഹാരിതയും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേവാരം, കൊച്ചുതേവാരം, എന്നീ സ്ഥലങ്ങളുടെ വിദൂര ദൃശ്യങ്ങളും ആസ്വദിക്കാം. മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍ അണക്കെട്ടും കള്ളിമാലി വ്യൂ പോയന്റും സന്ദര്‍ശിച്ച് പൊന്മുടി അണക്കെട്ട് വഴിയാണ് ചതുരംഗപ്പാറയിലേക്കുള്ള യാത്ര. 660 രൂപയാണ് ടിക്കറ്റ് നിരക്ക്. വാഗമണ്ണിലേക്ക് 31നാണ് ഉല്ലാസ യാത്ര. കുളമാവ്, ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍, കാല്‍വരി മൗണ്ട്, അഞ്ചുരുളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് വാഗമണ്‍ മലനിരകളിലേക്കുള്ള യാത്ര. 450 രൂപയാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബര്‍ ആറിനാണ് വയനാട്ടിലേക്ക് യാത്ര പുറപ്പെടുന്നത്. പൂക്കോട് പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, പഴശി പാര്‍ക്ക്, കുറുവ ദ്വീപ്, ബാണാസുര സാഗര്‍ അണക്കെട്ട് എന്നിവയാണ് സന്ദര്‍ശന സ്ഥലങ്ങള്‍. രാത്രി വയനാടന്‍ വനത്തിലൂടെ ജംഗിള്‍ സഫാരിയും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസമായാണ് വയനാടന്‍ യാത്ര ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി.യുടെ എ.സി സ്ലീപ്പര്‍ കോച്ചിലാണ് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ദിവസ യാത്രയ്ക്കും താമസത്തിനുമായി 1850 രൂപയാണ് ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം ഓണത്തോടനുബന്ധിച്ച് ആറന്മുള വള്ള സദ്യയില്‍ പങ്കെടുക്കാനും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിെൻറ ഭാഗമായി അവസരമൊരുക്കിയിരുന്നു. ഇതിനു പുറമെ ഗവി, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലേക്കും തൊടുപുഴയില്‍ നിന്ന് ബജറ്റ് ടൂറിസം സര്‍വിസ് നടത്തുന്നുണ്ട്. വട്ടവട, കാന്തല്ലൂര്‍ മേഖലകളിലേക്കാണ് തൊടുപുഴയില്‍ നിന്നും പുതിയ ബജറ്റ് ടൂറിസം സര്‍വിസ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

