ഡബ്ൾ ഡെക്കറിന് മൂന്നാറിൽ ഇന്ന് ഡബ്ൾ ബെൽ
text_fieldsമൂന്നാറിൽ സർവീസ് നടത്തുന്ന ഡബ്ൾ െഡക്കർ ബസ്
തൊടുപുഴ: മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്നതിന് കെ. എസ്. ആർ. ടി.സി ആരംഭിക്കുന്ന റോയൽ വ്യൂ ഡബ്ൾ ഡെക്കർ ബസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ശനിയാഴ്ച നിർവഹിക്കും. രാവിലെ 11ന് മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. എ രാജ എം.എൽ.എ. അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജികരിച്ചിട്ടുള്ളത്.
കെ.എസ്.ആർ.ടി.സി റോയൽ വ്യൂ പദ്ധതിയുടെ ഭാഗമായാണ് ഡബ്ൾ െഡക്കർ ബസ് സർവിസ് നടത്തുന്നത്. തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഡബ്ൾ െഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഡബ്ൾ െഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു. സർവീസിന്റെ സമയം ബുക്കിങ്ങ് അടക്കമുള്ള കാര്യങ്ങളിൽ ശനിയാഴ്ചയോടെ ക്രീമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് എത്തിച്ചേരുന്ന വിധത്തിലായിരിക്കും സമയ ക്രമീകരണം.
ബസിന്റെ പ്രത്യേകതകൾ
ബസിന്റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക്ക് സിസ്റ്റമടക്കം ബസിലുണ്ട്. യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജിങ് നടത്താനുമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.