തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിന് ക്ഷീരലയം പദ്ധതി
text_fieldsതൊടുപുഴ: തോട്ടം തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും ക്ഷീര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുമായി ക്ഷീരലയം പദ്ധതിക്ക് തുടക്കമാകുന്നു.
തോട്ടം തൊഴിലാളികൾക്ക് പശു വളർത്തലിലൂടെ സ്ഥിരവരുമാനവും പാൽ ഉൽപാദന വർധനയും ലക്ഷ്യമിട്ട പദ്ധതി മൂന്നാറിലാണ് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുക. തൊഴിലാളികളുടെ പശുക്കൾ തുറന്നസ്ഥലത്ത് മേയുന്നതും അവയെ വന്യജീവികൾ ആക്രമിക്കുന്നതും പതിവാണ്. ഇതിന് പദ്ധതി പരിഹാരമാകുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയിലൂടെ 10 പേർക്കായി 10 പശുക്കളെ ഉൾക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിർമിച്ച് നൽകും. പശുക്കൾക്ക് ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ചെലവ്. ഇതിൽ 11 ലക്ഷവും സബ്സിഡിയാണ്. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നൽകുന്ന സ്ഥലത്താണ് ക്ഷീരലയം നിർമിക്കുക. കമ്പനി നൽകുന്ന 50 സെന്റിൽ പുൽകൃഷിയും ആരംഭിക്കും. ചാണകത്തിൽനിന്നുള്ള ബയോഗ്യാസും കുടുംബങ്ങൾക്ക് നൽകും. മൂന്നാർ ലക്ഷ്മി ക്ഷീരസംഘത്തിൽ രജിസ്റ്റർ ചെയ്തവരാണ് ആദ്യഗുണഭോക്താക്കൾ. പീരുമേട്ടിൽ ക്ഷീരലയം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. പദ്ധതിയിലൂടെ ജില്ലയിൽ ഈ വർഷം പാൽ ഉൽപാദനം വർധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിൽ ലഭിച്ച ഉൽപാദന തോത് നിലനിർത്താനാകും. 2021–22 സാമ്പത്തിക വർഷത്തിൽ 6.70 കോടി ലിറ്റർ പാലാണ് ജില്ലയിൽ ഉൽപാദിപ്പിച്ചത്. 2022–23ൽ ഇത് 6.29 ആയി. ഈ സാമ്പത്തിക വർഷം ഇതുവരെ നാലുകോടിക്കടുത്ത് ലിറ്റർ ഉൽപാദിപ്പിച്ചു. മേഖലയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കാൻ കിടാരി പാർക്കുകൾ സംസ്ഥാനത്ത് ആരംഭിച്ചതിൽ ആദ്യത്തേത് ജില്ലയിലെ വാത്തിക്കുടിയിലാണ് സ്ഥാപിച്ചത്. കാലിത്തീറ്റയുടെ വിലവർധന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാലിത്തീറ്റക്കൊപ്പം പച്ചപ്പുൽ നൽകുന്നത് തീറ്റവില പിടിച്ചുനിർത്തും. പശുക്കൾക്ക് ഗർഭധാരണത്തിനും തൂക്കം കൂടാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ജില്ലയിൽ എല്ലാ വർഷവും 100 ഹെക്ടറിലേറെ സ്ഥലത്ത് പുൽകൃഷിക്കുള്ള ധനസഹായവും സൗജന്യ പുൽക്കട വിതരണവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

