തൊടുപുഴ-മുവാറ്റുപുഴ റോഡിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു
text_fieldsവെങ്ങല്ലൂരിൽ ഗവർണർക്കെതിരെ കറുത്ത ബാനർ ഉയർത്തി പ്രതിഷേധിക്കാനൊരുങ്ങുന്ന
എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയുന്നു
തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തൊടുപുഴയിലെത്തിയതിനെ തുടർന്ന് പ്രതിഷേധം തീർത്ത് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകർ.
കരിങ്കൊടികളും മുദ്രാവാക്യവുമായി പ്രവർത്തകർ തൊടുപുഴ-മുവാറ്റുപുഴ റോഡിൽ നിരന്നത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രാവിലെ ഒമ്പതിന് മാത ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുനിന്ന് ഹർത്താൽ അനുകൂല പ്രകടനവുമായാണ് എൽ.ഡി.എഫ് എത്തിയത്. ഇതിനിടെ മങ്ങാട്ടുകവല ഭാഗത്തുനിന്ന് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ പ്രകടനവുമെത്തി. ബി.എസ്.എൻ.എൽ ജങ്ഷനിൽ ഒത്തുചേർന്ന ശേഷം ഒന്നായി മർച്ചന്റ്സ് ട്രസ്റ്റ് ഹാൾ പരിസരത്തേക്ക് നീങ്ങി. റോട്ടറി ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രകടനം തടഞ്ഞു.
വെങ്ങല്ലൂരിൽ ‘സംഘി ഖാൻ യു ആർ നോട്ട് വെൽകം ഹിയർ’ എന്നെഴുതിയ കറുത്ത ബാനർ എസ്.എഫ്.ഐ ഉയർത്തിയിരുന്നു. രാവിലെ 11ഓടെ അച്ചൻകവലയിലെത്തിയ ഗവർണറെ എസ്.എഫ്.ഐ പ്രവർത്തർ കരിങ്കൊടി കാണിച്ചു. ഗുരു ഐ.ടി.സി, സ്മിത ആശുപത്രി, മലബാർ ഹോട്ടൽ, ഷാപ്പുംപടി ജങ്ഷൻ എന്നിവിടങ്ങളിലും മുന്നിലും പ്രവർത്തകർ കരിങ്കൊടി വീശി. മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന പരിപാടി കഴിഞ്ഞ് തിരികെയിറങ്ങവെ ഗവർണർ റോഡിലിറങ്ങി കൂടി നിന്നവരോട് സംസാരിച്ചു. വഴിയരികിൽ കാത്തുനിന്ന കുട്ടിയോടും വിശേഷങ്ങൾ ചോദിച്ചു.
തുടർന്ന്റെസ്റ്റ് ഹൗസിലേക്ക് പോയി. അവിടെ നിന്ന് 12.40ഓടെ ഗവർണർ ജില്ലയിൽനിന്ന് മടങ്ങി. വഴിയിൽ പലയിടത്തും പ്രവര്‍ത്തകര്‍ നേരത്തേ തന്നെ കരിങ്കൊടിയുമായി എത്തിയിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് പൊലീസ് എത്തിയെങ്കിലും ഇവരെ തടയാനോ അറസ്റ്റ് ചെയ്യാനോ ശ്രമിച്ചില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരുമായുണ്ടായ ഉന്തിലും തള്ളിലും ഒരു പൊലീസുകാരനും കൈക്ക് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

