സംസ്ഥാന ബജറ്റ്; ഇടുക്കിക്ക് തുണയാകണം
text_fieldsതൊടുപുഴ: ഈ സർക്കാറിന്റെ അവസാനത്തേത് എന്ന് കരുതാവുന്ന സമ്പൂർണ സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുമ്പോൾ ജില്ലയും പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ ജില്ലക്കായി എടുത്തു പറയുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ജില്ലയിൽ ഏറ്റവും രൂക്ഷമായ വന്യമൃഗ ശല്യം തടയാനുള്ള പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാതിരുന്നതും തിരിച്ചടിയായി. ടോക്കൺ പദ്ധതികൾ ഒരുപാടുണ്ടായിരുന്നെങ്കിലും വെളിച്ചം കണ്ടത് വിരലിലെണ്ണാവുന്നത് മാത്രം.
അടിസ്ഥാന സൗകര്യ വികസനത്തിനും എടുത്തു പറയേണ്ട പദ്ധതികൾ ജില്ലയിലുണ്ടാകില്ല. കാർഷിക മേഖലയാണ് ജില്ലയുടെ നട്ടെല്ല്. ഏലത്തിനും കുരുമുളകിനും വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ട്. എന്നാൽ, കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. ഉൽപാദനം വർധിക്കുമ്പോൾ വില താഴേക്ക് പോകുന്ന സാഹചര്യമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനാലാണ് ഈ വിളകൾക്ക് താങ്ങുവില വേണമെന്ന ആവശ്യം ശക്തമാകുന്നത്. മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ പലതും പ്രഖ്യാപനം മാത്രമായി അവശേഷിക്കുകയാണ്.
ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് ആകർഷകമായ ലൈറ്റ് ആൻഡ് ഷോ പദ്ധതി എങ്ങുമെത്തിയില്ല. പട്ടിശ്ശേരി അണക്കെട്ട് നിർമാണത്തിന് 24 കോടി അനുവദിച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മൂന്നാറിൽ തൊഴിൽ സമുച്ചയമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല.
കൃഷി, ടൂറിസം, ദാരിദ്ര്യ നിർമാർജനം, ജില്ലയുടെ ഭൗതികവും സാമൂഹികവുമായ വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിൽ ഊന്നിയുള്ള ഇടുക്കി വികസന പാക്കേജിൽ 12,000 കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലും 75 കോടി വീതം അനുവദിച്ചല്ലാതെ പാക്കേജുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചില്ല. അനുവദിച്ച തുക ചെലവഴിച്ചത് സംബന്ധിച്ചും വ്യക്തതയില്ല.
ഇടുക്കിയിൽ വ്യവസായ പാർക്ക് പ്രഖ്യാപനം മാത്രം
ചെറുതോണി: വിനോദസഞ്ചാര മേഖലക്ക് പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ ഇടുക്കിയിൽ വ്യവസായ പാർക്കിനായി 900 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്ന് തുക വകയിരുത്താതെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല.
യു.ഡി.എഫിന്റെ കാലത്ത് ബജറ്റിൽ കെ.എം. മാണി പ്രഖ്യാപിച്ച മെഡിക്കൽ കോളജ് അടിസ്ഥാന സൗകര്യമില്ലാതെ ഇന്നും പൂർത്തിയാകാതെ കിടക്കുന്നു. മെഡിക്കൽ കോളജിൽ കാത്ത്ലാബും കാർഡിയോളജി വിഭാഗവും ഇത്തവണ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. വന്യജീവി ആക്രമണം തടയാൻ വനാതിർത്തി വേർതിരിച്ചു കാണിക്കാനും കർഷകർക്കു നഷ്ടപരിഹാരം വർധിപ്പിച്ചുനൽകാനും തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതിനായി ബജറ്റിൽ തുകയും വകയിരുത്തിയിരുന്നു. വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ പൊലിയുന്നതും ഏക്കറുകണക്കിനു കൃഷിനാശമുണ്ടാകുന്നതും നിത്യ സംഭവമാണ്.
ഇതിനെതിരെ ജനരോഷമുയർന്നപ്പോൾ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിരുന്നു. ഇതു ഇത്തവണയെങ്കിലും നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2016 മുതൽ തുടർച്ചയായി ഈ സർക്കാർ അവതരിപ്പിച്ച പല പദ്ധതികളും നടപ്പാകാതെ കിടക്കുകയാണ്.
ചെറുതോണിയിൽ കേരള നവോത്ഥാന സാംസ്കാരിക സമുച്ചയം പണിയുമെന്നും ഇതിന് അക്കാമ്മ ചെറിയാന്റെ പേരിടുമെന്നും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഒന്നും നടന്നില്ല. ജില്ല ആസ്ഥാനത്ത് ദ്രോണാചാര്യ കെ.പി. തോമസിന്റെ പേരിൽ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥലംപോലും കണ്ടെത്തിയിട്ടില്ല.
ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റുകൾ, ആദിവാസികൾക്കു പാർപ്പിട പദ്ധതി, ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ ദാരിദ്യത്തിൽനിന്നു കരകയറ്റാൻ മൈക്രോ പദ്ധതി, ഊരുകൂട്ടങ്ങളെയും പട്ടികജാതി കോളനികളെയും ഉൾപ്പെടുത്തി എല്ലാ പഞ്ചായത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്നുള്ള പ്രഖ്യാപനവും പാഴ്വാക്കായി.
ഈ സാഹചര്യത്തിലും പ്രതീക്ഷയോടെയാണ് ഇടുക്കി നിയമസഭ മണ്ഡലം ബജറ്റിനെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

