അനാഥബാല്യങ്ങൾക്കാണ് ഈ കരുതൽ
text_fieldsചാരിറ്റി ബോക്സിൽ കുട്ടികൾ പഠനോപകരണങ്ങൾ
നിക്ഷേപിക്കുന്നു
തൊടുപുഴ: കിടക്കാനിടമില്ലാത്ത നിർധന വിദ്യാർഥികൾക്ക് 'നന്മഭവനം' പദ്ധതിയിലൂടെ തണലൊരുക്കിയ കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ അനാഥ ബാല്യങ്ങൾക്ക് കരുതലൊരുക്കി വീണ്ടും മാതൃകയാകുന്നു. വിദ്യാർഥികളിൽ മൂല്യബോധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സ്ഥാപിച്ച ചാരിറ്റി ബോക്സുകൾ തൊടുപുഴയിലും പരിസരങ്ങളിലുമുള്ള അനാഥാലയങ്ങളിലെ കുട്ടികൾക്ക് പ്രത്യാശയും ആത്മവിശ്വാസവും പകരുന്നു.
ചെറു സമ്പാദ്യങ്ങൾ സ്വന്തം സുഖാനുഭവത്തിന് മാത്രമായി ചെലവഴിക്കാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള സന്മനസ്സ് കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ചിന്തയിൽ നിന്നാണ് ചാരിറ്റി ബോക്സ് എന്ന ആശയം രൂപപ്പെട്ടതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മദർ തെരേസയുടെ പേരിലാണ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വെവ്വേറെ ചാരിറ്റി ബോക്സുകൾ സ്ഥാപിച്ചത്. വിദ്യാർഥികൾ പഠനത്തിനും വീട്ടിലേക്കുമായി എന്തു വാങ്ങുമ്പോഴും ഒരു വിഹിതം ഈ ചാരിറ്റി ബോക്സിലേക്കാണ്. നിത്യോപയോഗ സാധനങ്ങളും പഠനോപകരണങ്ങളും വാങ്ങുമ്പോൾ ഒരെണ്ണമോ ഒരു പങ്കോ നീക്കിവെക്കും.
നോട്ട്ബുക്ക്, പേന, പെൻസിൽ, ബോക്സ്, ഇറേസർ, സ്കെയിൽ തുടങ്ങിയ പഠനോപകരണങ്ങളും കുളി സോപ്പ്, അലക്ക് സോപ്പ്, ചീപ്പ്, കണ്ണാടി, ഷാംപൂ, ടൂത്ത്പേസ്റ്റ്, ടൂത്ത് ബ്രഷ്, ഹെയർബാൻഡ്, സ്ലൈഡ്, ക്ലിപ്പ് തുടങ്ങി കുട്ടികൾക്ക് ആവശ്യമുള്ള മറ്റു വസ്തുക്കളും വിദ്യാർഥികൾ ചാരിറ്റി ബോക്സിൽ നിക്ഷേപിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്നവ അനാഥാലയങ്ങളിൽ കൃത്യമായ ഇടവേളകളിൽ എത്തിച്ചുകൊടുക്കും. ഭൗതികമായ അറിവ് ആർജിക്കുന്നതിനൊപ്പം ദൈവകരുണയുടെ മുഖം മറ്റുള്ളവരിലേക്ക് പകരാനും സ്നേഹം, സഹാനുഭൂതി, ത്യാഗം തുടങ്ങിയ മൂല്യങ്ങൾ തിരിച്ചറിയാനും പുതുതലമുറയെ പ്രാപ്തമാക്കാൻ സഹായിക്കുന്നതാണ് പദ്ധതിയെന്ന് സ്കൂൾ മാനേജർ ഫാ. സ്റ്റാന്റലി പുൽപ്രയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

